പ്രവാസ കൈരളി സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്‍റെ പ്രിയ കഥാകാരി കെ ആർ മീര
മസ്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്‍റെ 'സർഗ്ഗസംഗീതം 2023' പരിപാടിയുടെ പ്രൗഢഗംഭീരമായ സദസിനെ സാക്ഷ്യപ്പെടുത്തി മലയാളത്തിന്‍റെ പ്രിയ കഥാകാരി കെ ആര്‍ മീരയ്ക്ക് പ്രവാസ കൈരളി സാഹിത്യ പുരസ്കാരം നല്‍കി. മസ്കറ്റിലെ റൂവി അൽഫലാജ് ഹോട്ടലിന്‍റെ ഗ്രാൻഡ് ഹാളിൽ വച്ചായിരുന്നു പരിപാടി. ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറിയും മലയാളം വിങ് ഒബ്സർവറുമായ ബാബു രാജേന്ദ്രനാണ് ചടങ്ങിന് അധ്യക്ഷനായത്. കെ ആർ മീര മുഖ്യാഥിതി ആയിരുന്നു.
നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയ കെ ആർ മീരയുടെ 'ആരാച്ചാർ' എന്ന നോവലിന് തന്നെയാണ് പ്രവാസകൈരളി സാഹിത്യ പുരസ്കാരം. ഈ അവാര്‍ഡ് നല്‍കാൻ സാധിച്ചത് അഭിമാനമായും ഭാഗ്യമായും കരുതുന്നുവെന്ന് പുരസ്കാരം സമ്മാനിച്ച ശേഷം കണ്‍വീനര്‍ പി ശ്രീകുമാര്‍ പറഞ്ഞു.
ചടങ്ങില്‍ പ്രമുഖ ഗായകൻ ഉണ്ണി മേനോനെ ആദരിക്കുകയും ചെയ്തു. നാല്‍പത്തിയൊന്ന് വര്‍ഷം പിന്നണി സംഗീതമേഖലയില്‍ പൂര്‍ത്തിയാക്കിയതിനാണ് ഉണ്ണി മേനോന് ആദരമൊരുക്കിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ സംഗീതവിരുന്നുമുണ്ടായിരുന്നു. പഴയതും പുതിയതുമായ തെരഞ്ഞെടുത്ത മികച്ച ഗാനങ്ങള്‍ സദസിനെ സംഗീതസാന്ദ്രമാക്കി.
മലയാളം വിങ്ങിന്‍റെ കോ-കൺവീനർ ശ്രീമതി ലേഖ വിനോദ്, ട്രഷറർ അജിത് മേനോൻ എന്നിവരും പരിപാടിയില്‍ സംസാരിച്ചു. മലയാളം വിങ്ങിന്‍റെ അംഗങ്ങളും ഗായകരുമായ സംഗീത, സ്മൃതി, റിജി, ബീന, പ്രീതി എന്നിവരും ഉണ്ണി മേനോനോടൊപ്പം ഗാനങ്ങളാലപിച്ചു.
ലേഖ വിനോദ്, അജിത് മേനോൻ, സാഹിത്യ വിഭാഗം സെക്രട്ടറി സുനിൽകുമാർ കൃഷ്ണൻ നായർ, സംഗീത നാടക വിഭാഗം സെക്രട്ടറി സതീഷ് കുമാർ, മറ്റ് മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ ബാബു തോമസ്, കൃഷ്ണേന്ദു, ആതിര ഗിരീഷ്, ടീന ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജനുവരി 28 മലയാള വിഭാഗം ഓഫീസിൽ വച്ചുനടന്ന സാഹിത്യ ചർച്ചയിലും കെ ആർ മീര പങ്കെടുത്തു. നിറഞ്ഞ സദസ്സിൽ ക്ലബ്ബ് അംഗങ്ങളും, പല സാഹിത്യകാരന്മാരും ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിൽ സദസിലുണ്ടായിരുന്നവര്‍ തങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും കെ ആര്‍ മീരയോട് ചോദിച്ചു. തന്‍റെ ആശയങ്ങളും നിലപാടുകളുമെല്ലാം എഴുത്തുകാരി ഏവരുമായുള്ള ചര്‍ച്ചയില്‍ പങ്കുവച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.