ഹെവി ഡ്രൈവർ ജോലിയിൽ സ്വദേശിവത്കരണത്തിന് തുടക്കം
ജിദ്ദ: ഹെവി വാഹനങ്ങളിലെ ഡ്രൈവർ ജോലികൾ സ്വദേശിവത്കരിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനുള്ള സംരംഭത്തെ പിന്തുണക്കാനുള്ള കരാറിൽ പൊതുഗതാഗത അതോറിറ്റിയും അൽമജ്ദൂഇ കമ്പനിയും ഒപ്പുവെച്ചു. റിയാദിലെ ഗതാഗത അതോറിറ്റി ഓഫിസിലാണ് കരാര്‍ ഒപ്പുവെക്കൽ ചടങ്ങ് നടന്നത്.
ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ തൊഴിലവസരങ്ങൾക്കായുള്ള സ്വദേശിവത്കരണ ശ്രമങ്ങൾ വർധിപ്പിക്കുക, ലോജിസ്റ്റിക് മേഖലയിലെ തൊഴിലുകളിൽ ജോലി ചെയ്യാൻ സൗദികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്വദേശിവത്കരണം. സൗദി പൗരന്മാർക്ക് തൊഴിലവസരം ഒരുക്കാൻ അൽമജ്ദൂഇ കമ്പനി ആവശ്യമായ പിന്തുണയും സഹായവും നൽകും. ഡ്രൈവിങ് പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ലൈസൻസ് എടുക്കാനും കമ്പനി സൗകര്യമൊരുക്കും. തൊഴിലവസരങ്ങൾ വർധിപ്പിച്ച് ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായാണ് പുതിയ ധാരണ. സ്വകാര്യ മേഖലയെ പിന്തുണക്കുക, സ്വദേശികളുടെ കഴിവുകൾ ശാക്തീകരിക്കുക, ഡ്രൈവിങ് പരിശീലനത്തിന്റെയും മെഡിക്കൽ പരിശോധനയുടെയും ചെലവുകൾക്ക് വേണ്ട സഹായം, ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള സഹായം, മാനവ വിഭവശേഷി വികസന ഫണ്ടിൽനിന്ന് വേതനം നൽകുക തുടങ്ങിയവ കരാറിലുൾപ്പെടും. കരാര്‍പ്രകാരം ലോജിസ്റ്റിക് മേഖലയില്‍ കൂടുതല്‍ സൗദിപൗരന്മാര് ഡ്രൈവർമാരായി എത്തുമെന്നും സേവനങ്ങള്‍ മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.