അവധി കഴിഞ്ഞെത്തിയ പ്രവാസി എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: നാട്ടിൽ നിന്ന് അവധി കഴിഞ്ഞുള്ള മടക്കയാത്രയിൽ പ്രവാസി മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം സ്വദേശി കൈപ്പോത്ത് അപ്പു ലാലു (57) ആണ് മരിച്ചത്. റിയാദിൽ ഒരു സ്വകാര്യ കമ്പനിയിൽ 32 വർഷമായി ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുന്നു.
നാട്ടിൽ അവധിക്ക് പോയ ശേഷം സൗദി എയർലൈൻസ് വിമാനത്തിൽ കൊച്ചിയിൽനിന്ന് റിയാദിലെത്തിയതായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി 11.55ഓടെ എമിഗ്രേഷൻ കൗണ്ടറിന് മുന്നിൽ ക്യൂ നിൽക്കുമ്പോഴാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞ് വീണത്. ഉടൻ എയർപോർട്ട് ആംബുലൻസിൽ എക്സിറ്റ് ഏട്ടിലെ കിങ് അബ്ദുല്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
എന്നാൽ ഇതൊന്നും അറിയാതെ കമ്പനിയിൽനിന്ന് ആളുകൾ ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് ആശുപത്രിയിൽനിന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനോട് വിളിച്ചു പറയുമ്പോഴാണ് പുറംലോകം അറിയുന്നത്. തുടർന്ന് നാട്ടിലെ വീട്ടിൽ വിളിച്ച് മരണവിവരം അറിയിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഭാര്യ - ലീല, മക്കൾ - ധന്യ (അധ്യാപിക, മീനു (ഏവിയേഷൻ വിദ്യാർഥിനി), ഹരിലാൽ (റിയാദ്). അമ്മ - സരോജനി.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.