കൈറ്റ് ലോകകപ്പിന് ഫുവൈരിത് ബീച്ചിൽ തുടക്കമായി
ദോഹ: ഖത്തർ എയർവേസ് ജി.കെ.എ കൈറ്റ് വേൾഡ് ടൂറിന്റെ ഭാഗമായ വിസിറ്റ് ഖത്തർ ജി.കെ.എ ഫ്രസ്സ്റ്റൈൽ കൈറ്റ് ലോകകപ്പിന് ഫുവൈരിത് ബീച്ച് റിസോർട്ടിൽ കഴിഞ്ഞ ദിവസം തുടക്കംകുറിച്ചു. ഖത്തറിനു പുറമേ യു.എ.ഇ, ഈജിപ്ത്, അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ബ്രസീൽ, കൊളംബിയ, ജർമനി, സ്വീഡൻ, ഡെന്മാർക്, സ്പെയിൻ, ഡൊമിനിക്കൽ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ചൊവ്വാഴ്ച ആരംഭിച്ച മത്സരങ്ങൾ ഫെബ്രുവരി നാലു വരെ നീണ്ടുനിൽക്കും.
ലോക ഒന്നാം നമ്പർ താരങ്ങളായ ഗിയാൻ മരിയ കൊകോലുറ്റൊയും മികൈലി സോളും ഉൾപ്പെടെ ലോകത്തിലെ മികച്ച കൈറ്റ് സർഫർമാരാണ് ഇത്തവണ ഖത്തർ ജി.കെ.എ ഫ്രീസ്റ്റൈൽ കൈറ്റ് ലോകകപ്പിനെത്തിയിരിക്കുന്നത്. ഖത്തറിനെ റാഷിദ് അൽ മൻസൂരി പ്രതിനിധാനംചെയ്യും. മത്സരങ്ങളിൽ പങ്കെടുക്കാനും മികച്ച പ്രകടനം നടത്താനും സജ്ജനാണെന്ന് അൽ മൻസൂരി പറഞ്ഞു.
റിയാദ് വേൾഡ് ടൂറിനുശേഷം തന്റെ രണ്ടാമത്തെ വേൾഡ് ടൂറാണ് ഖത്തറിലേതെന്ന് അൽ മൻസൂരി പറഞ്ഞു. ഫ്രീസ്റ്റൈൽ കൈറ്റ് സർഫിങ്ങിന്റെ ആകർഷകമായ പ്രകടനങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യമായി ഇവിടെയെത്തി മത്സരങ്ങൾ കാണാനാകുമെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഫിഫ ലോകകപ്പ് ഫുട്ബാൾ വിജയകരമായി സമാപിച്ചതിനുശേഷം തൊട്ടടുത്ത ദിവസങ്ങളിൽതന്നെ ജി.കെ.എ ഫ്രീസ്റ്റൈൽ കൈറ്റ് ലോകകപ്പ് ഖത്തറിലെത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഖത്തർ അതിവേഗം കായികയാത്രകളുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
കടൽ ജല കായികപ്രേമികൾക്ക് കൈറ്റ് സർഫിങ്, പാഡിൽ-ബോർഡിങ്, പാരാസെയിലിങ്, വേക്ക് ബോർഡിങ്, കയാക്കിങ്, സ്നോർക്കലിങ്, സ്കൂബ ഡൈവിങ് തുടങ്ങിയവക്ക് ഏറ്റവും അനുകൂല അന്തരീക്ഷമാണ് ഫുവൈരിതിലേത്. ജി.കെ.എ വേൾഡ് ടൂറിന്റെ 2023ലെ ലോഞ്ചിങ്ങിനും ഫൈനൽ മത്സരങ്ങൾക്കും ഫുവൈരിത് കൈറ്റ് ബീച്ചായിരിക്കും വേദിയാകുക.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.