• Home
  • News
  • ഓഹരി വിപണി വളർച്ച ലക്ഷ്യം; ഓഹരി വിഭജനത്തിന് തുടക്കം
qatar

ഓഹരി വിപണി വളർച്ച ലക്ഷ്യം; ഓഹരി വിഭജനത്തിന് തുടക്കം

ദോഹ: ആഭ്യന്തര ഓഹരി വിപണിയിലെ പണലഭ്യതയുടെ വളർച്ച ലക്ഷ്യമിട്ടുള്ള ഓഹരി വിഭജനം നടപ്പാക്കുന്നത് ഖത്തർ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആരംഭിച്ചു കഴിഞ്ഞു. കൊമേഴ്‌സ്യൽ ബാങ്ക്, ഖത്തർ ഫസ്റ്റ് ബാങ്ക് എന്നീ പ്രാദേശിക ബാങ്കുകളിൽ ഓഹരി വിഭജനം നടപ്പാക്കിയാണ് പ്രഥമ ഓഹരി വിഭജനത്തിന് തുടക്കമിട്ടത്. വിഭജനം ഇന്നലെ മുതൽ പ്രാബല്യത്തിലായി. വിഭജനത്തോടെ കൊമേഴ്‌സ്യൽ ബാങ്കിന്റെ ഓഹരികളുടെ എണ്ണം 32, 291,766,450 ആയി. ഓരോ ഓഹരികൾക്കുമുള്ള ക്രമീകരിച്ച ക്ലോസിങ് നിരക്ക് 4.74 റിയാലായിരിക്കും. 200 കോടി ആണ് ഖത്തർ ഫസ്റ്റ് ബാങ്കിന്റെ ഓഹരികളുടെ എണ്ണം. ഓരോ ഓഹരികൾക്കുമുള്ള ക്ലോസിങ് നിരക്ക് 0.429 റിയാൽ. അതേസമയം നിലവിലെ ഓഹരി ഉടമകളുടെ ആനുപാതിക ഉടമസ്ഥാവകാശത്തിലും രണ്ട് ബാങ്കുകളുടേയും വിപണിയിലെ മുതലാളിത്തത്തിലും വിഭജനം മാറ്റമുണ്ടാക്കില്ല. ഖത്തർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ലിസ്റ്റിലെ മറ്റ് കമ്പനികളും ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ് അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ പ്രകാരം ഓഹരികൾ വിഭജിക്കും. ഓഹരി വിഭജനം ജൂലൈ ആദ്യ വാരത്തിൽ പൂർത്തിയാകും. ഉപഭോക്തൃ ചരക്ക് സേവന മേഖലകളിൽ ഈ മാസം 17-നും 20 നും ഇടയിലാകും ഓഹരി വിഭജനം.

വ്യവസായിക മേഖലയിൽ 23നും 26നും ഇടയിലും ഇൻഷുറൻസ് മേഖലയിൽ 27 മുതൽ രണ്ട് ദിവസത്തേക്കുമാണ് ഓഹരി വിഭജനത്തിന് അനുവദിച്ചിരിക്കുന്നത്. റിയൽ എസ്‌റ്റേറ്റ് മേഖലക്ക് ജൂലൈ 1,2 തീയതികളിലാണ് സമയം. ടെലിഫോൺ മേഖലയ്ക്ക് ജൂലൈ 3, നക്കിലാത്, ഗൾഫ് വെയർഹൗസിങ്, മിലാഹ തുടങ്ങിയ ഗതാഗത മേഖലയിലെ കമ്പനികൾക്ക് ജൂലൈ 4 നാണ് ഓഹരി വിഭജനം നടപ്പാക്കുന്നത്. വിപണിക്കും ഓഹരി ഉടമകൾക്കും വലിയ നേട്ടത്തിനാണ് വിഭജനം വഴിതുറന്നത്. വിഭജനത്തോടെ ഓരോ ഓഹരി ഉടമകളുടേയും ഓഹരികളുടെ എണ്ണവും വർധിക്കും. ഓഹരി വിപണിയിലേക്ക് കൂടുതൽ റീടെയ്ൽ നിക്ഷേപകരെ ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യം. വിപണിയിൽ ചെറു നിക്ഷേപകരുടെ പുതിയ വിഭാഗം എത്തുന്നതോടെ നിക്ഷേപകരും കൂടും. ഇതോടെ ഓഹരികളുടെ ആവശ്യം ഉയർത്തും. ധനകാര്യ വിപണിയിലെ നിക്ഷേപത്തിന്റെ വിജയ സാധ്യത ഉയർത്തുക, ഓഹരി ഉടമകളുടെ അടിത്തറ വിപുലീകരിക്കുക എന്നിവയാണ് ഓഹരി വിഭജനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ് അതോറിറ്റി വ്യക്തമാക്കി. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ദൈനംദിന പ്രവർത്തനങ്ങളും കമ്പനികളുടെ ഓഹരികളിലെ ഇടപാടുകളുടെ എണ്ണത്തിലുമെല്ലാം ഗണ്യമായ വർധനയും ഉണ്ടാകും.

Entertainment