• Home
  • News
  • ഖത്തര്‍ അമീറും യുഎസ് പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത മാസം ഒമ്പതിന് വൈറ
qatar us

ഖത്തര്‍ അമീറും യുഎസ് പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത മാസം ഒമ്പതിന് വൈറ്റ് ഹൗസിൽ

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച്ച നടത്തും. അടുത്ത മാസം ഒമ്പതിന് വൈറ്റ് ഹൗസിലാണ് ചര്‍ച്ച. ഇറാനുമായി ബന്ധപ്പെട്ട ഗള്‍ഫ് പ്രതിസന്ധിയും ഖത്തറിനെതിരായ അയല്‍ രാജ്യങ്ങളുടെ ഉപരോധവും തുടരുന്നതിനിടെ നടക്കുന്ന ചര്‍ച്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഈ ജൂണ്‍ 5ന് രണ്ടു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ജൂലൈ ഒന്‍പതിനു വൈറ്റ് ഹൗസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉപരോധം, ഗള്‍ഫിലെ നിലവിലെ സാഹചര്യം, ഭീകരവാദ വിരുദ്ധ സഹകരണം തുടങ്ങിയവ ചര്‍ച്ചയാകും.

അമേരിക്കയും ഖത്തറുമായി നിലവിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നും സാമ്പത്തിക, സുരക്ഷാ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പ്രകൃതി വാതക ഉല്‍പ്പാദനത്തില്‍ മുന്നേറുന്ന ഖത്തറുമായി ബന്ധം ശക്തമാക്കുന്നതിലൂടെ ഇറാനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ശക്തമാക്കാനാകുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും വലിയ സേനാ താവളം ഖത്തറിലാണ്. മേഖലയിലെ അമേരിക്കന്‍ ഓപ്പറേഷനുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ആസ്ഥാനവും ഇവിടെയാണ്. അതിനാല്‍തന്നെ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷം ഇരു നേതാക്കളും ആദ്യമായാണ് കൂടിക്കാഴ്ച്ച നടത്തുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചകളുടെ ഭാഗമായി ബഹ്റയ്നില്‍ ജൂണ്‍ 25-26 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തിലും ഖത്തര്‍ പങ്കെടുക്കും.

Entertainment

Business