41 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക്
മനാമ: 41 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുകയാണ് പെരിന്തൽമണ്ണ മണ്ണാർമല സ്വദേശിയായ ഹുസൈൻ കൂരിയാടൻ. 1982ൽ ബഹ്റൈനിൽ എത്തിയ ഹുസൈൻ ആന്തലൂസ് കൺസ്ട്രക്ഷൻ കമ്പനിയിൽ മെയ്സനായിട്ടാണ് ആദ്യം ജോലിയിൽ കയറിയത്. 10 വർഷത്തോളം ആ കമ്പനിയിൽ തുടർന്നു. പിന്നീട് മിനിസ്ട്രി ഓഫ് ഇന്റീരിയറിൽ ജോലിയിൽ പ്രവേശിച്ചു. അവിടെ 31 വർഷത്തെ സേവനത്തിനുശേഷമാണ് നാട്ടിലേക്കുള്ള യാത്ര. മികച്ച സേവനത്തിനുള്ള പുരസ്കാരവും മിനിസ്റ്ററിയിൽനിന്ന് ലഭിച്ചു.
ബഹ്റൈനിന്റ ആദ്യ കാല ചിത്രവും ഇപ്പോഴത്തെ വികസനവും നേരിട്ടനുഭവിച്ച വ്യക്തിയാണ്. മത, സാമൂഹിക സാംസ്കാരിക മേഖലകളിലും പ്രവർത്തനം നടത്തിയിരുന്നു. സാമൂഹിക പ്രവർത്തനത്തിനിടെ, സഹപ്രവർത്തകന്റെ പെട്ടെന്നുള്ള മരണമാണ് മനസ്സിൽ ഇപ്പോഴും മായാതെനിൽക്കുന്നത്.
രണ്ട് പെൺമക്കളും മൂന്ന് ആൺമക്കളും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. മൂന്നു മക്കൾ ഇപ്പോൾ ആഭ്യന്തര വകുപ്പിൽ ജോലി ചെയ്യുന്നു. ഒരുമകളും ബഹ്റൈനിൽ ജോലിയിലുണ്ട്. ഈ രാജ്യം നൽകിയ സ്നേഹത്തിനും പിന്തുണക്കും ഇവിടത്തെ ഭരണാധികാരികളോടും ജനങ്ങളോടും എന്നും കടപ്പെട്ടിരിക്കുമെന്ന് ഹുസൈൻ പറഞ്ഞു. അടുത്ത ഞായറാഴ്ചയാണ് നാട്ടിലേക്ക് പോവുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.