ഒമാനിൽ ഭീതി വിതച്ച് കാറ്റും ഇടിയും, ചേംബറിന് മുന്നിലുണ്ടായിരുന്ന ഗ്ലോബ് നിലംപൊത്തി
മത്ര/മസ്കത്ത് : മസ്കത്ത് നഗരത്തിൽ മഴ ദുര്‍ബലമായിരുന്നെങ്കിലും ശക്തമായ കാറ്റും ഇടിയും ഭീതി പരത്തി. സന്ധ്യക്ക് 6.30ഓടെയാണ് ശക്തമായ കാറ്റ് ആഞ്ഞുവീശിയത്. കെട്ടിടങ്ങള്‍ക്കു മുകളില്‍ മേല്‍ക്കൂര തീര്‍ത്ത തകര ഷീറ്റുകളും മറ്റും ഇളകി ഉഗ്രശബ്ദത്തോടെ പാറിപ്പറന്നത് ഭീതിനിറഞ്ഞ കാഴ്ചയായിരുന്നു. മസ്കത്ത് നഗരത്തിലെ ചേംബർ ഓഫ് കോമേഴ്സ് ഇൻഡസ്ട്രിയുടെ ആസ്ഥാനത്തിനു മുന്നിലുണ്ടായിരുന്ന ഗ്ലോബ് നിലംപൊത്തി. ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ശക്തമായ ശബ്ദത്തോടെ റോഡോരത്തേക്ക് നിലംപതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മഴ മുന്നറിയിപ്പുണ്ടായെങ്കിലും കൊടുങ്കാറ്റുപോലെ തോന്നിക്കുംവിധമുള്ള കാറ്റ് ആഞ്ഞുവീശുമെന്ന് ആരുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല.
വൈകീട്ട് ആകാശം ഭാഗികമായി മേഘാവൃതമാവുകയും പൊടിമഴയുണ്ടാവുകയും ചെയ്തിരുന്നെങ്കിലും പൊടുന്നനെ അന്തരീക്ഷം മാറുകയും ഭീകരശബ്ദത്തോടെ കാറ്റുവീശുകയുമായിരുന്നു. കടകളില്‍ പുറത്ത് ഡിസ്പ്ലേ ചെയ്ത് വെച്ചിരുന്ന സാധനങ്ങള്‍ കാറ്റില്‍ പാറിപ്പറന്നു. മത്ര സൂഖിൽ മഗ്രിബ് നമസ്കാരത്തിനായി ഭാഗികമായി അടച്ച് പോയവര്‍ തിരികെ വന്നപ്പോള്‍ കടയുടെ പുറത്തുവെച്ചതെല്ലാം പാറിനടന്ന കാഴ്ചയാണ് കാണുന്നത്. സൂഖ് കവാടത്തില്‍ തെരുവു കച്ചവടത്തിനായി നിരത്തിവെച്ച മധുരപലഹാരങ്ങളും മാറ്റും പാറി നാശമായി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.