സാധുവായ വിലാസമില്ല; കുവൈത്തിൽ 16,848 കമ്പനികളുടെ ഫയലുകൾ സസ്പെൻഡ് ചെയ്തു
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് സാധുവായ വിലാസങ്ങളില്ലാത്ത കമ്പനികളുടെ വിസയിൽ എത്തുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നു. സാധുവായ വിലാസങ്ങളില്ലാത്ത 16,848 കമ്പനികളുടെ ഫയലുകൾ സസ്പെൻഡ് ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. വിസ കച്ചവടം തടയൽ, സാധുവല്ലാത്ത കമ്പനികളുടെ പേരിൽ വിസ നൽകി ആളുകളെ രാജ്യത്ത് എത്തിക്കുന്നതായ റിപ്പോർട്ട് എന്നിവയെ തുടർന്നാണ് നടപടി. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഫയലുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചത്. സ്വകാര്യ മേഖലയിലെ തൊഴിൽനിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഫയലുകള്‍ സസ്പെൻഡ് ചെയ്ത തൊഴിലുടമകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ തങ്ങളുടെ വിശദീകരണം സമര്‍പ്പിക്കാമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അധികൃതര്‍ അറിയിച്ചതായി അറബ്ടൈംസ് റിപ്പോർട്ട് ചെയ്തു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഫയലുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് റഫർ ചെയ്യും. സാധുവല്ലാത്തതും പ്രവർത്തിക്കാത്തതുമായ കമ്പനികളുടെ പേരിൽ വിസ നൽകി ആളുകളെ രാജ്യത്തെ എത്തിക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരക്കാർ നിയമവിരുദ്ധമായി മറ്റു ജോലികളിൽ ഏർപ്പെടുന്നുണ്ട്. ഇത് തൊഴിൽ മേഖലയിലും ജനസംഖ്യയിലും അസന്തുലനത്തിന് കാരണമാകുന്നുണ്ട് എന്നാണ് വിലയിരുത്തൽ.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.