ഹോൺ മുഴക്കി കുതിച്ചുപായും വാഹനങ്ങൾക്ക് പിടിവീഴും
ദുബൈ: രാത്രിയിൽ ഹോൺ മുഴക്കി കുതിച്ചുപായുന്ന ബൈക്കുകളും മറ്റു വാഹനങ്ങളും പിടിച്ചെടുക്കുമെന്ന് ദുബൈ പൊലീസ്. നഗരത്തിൽ ശല്യം സൃഷ്ടിക്കുന്ന ഇത്തരക്കാരെ പിടികൂടുന്നതിന് പൊലീസ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. അർധരാത്രിക്കുശേഷം കൂട്ടംകൂടുന്ന ബൈക്ക് യാത്രക്കാരെ നിരീക്ഷിക്കുകയും വേഗ, ശബ്ദ നിയന്ത്രണ പരിധികൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് ദുബൈ പൊലീസിലെ ട്രാഫിക് ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രി. ജുമാ ബിൻ സുവൈദാൻ പറഞ്ഞു.
ഇത്തരം ശല്യക്കാരെക്കുറിച്ച പരാതികൾ നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് അടുത്ത കാലത്തായി വർധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ൈശത്യകാലത്തും വസന്തകാലത്തുമാണ് ഇത്തരം സംഭവങ്ങൾ നഗരത്തിൽ വർധിക്കുന്നത്. എന്നാൽ, മുൻകാലങ്ങളിൽ കർശന നിലപാട് സ്വീകരിച്ചതിനാൽ ഇത്തരക്കാരുടെ എണ്ണം ക്രമേണ കുറഞ്ഞിരുന്നു. വീണ്ടും തലപൊക്കിത്തുടങ്ങിയ സാഹചര്യത്തിലാണ് പൊലീസ് നടപടിയുമായി രംഗത്തെത്തിയത്. ജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നത് അനുവദിക്കാനാവില്ലെന്നും താമസക്കാരുടെ സൗകര്യത്തിനാണ് മുന്തിയ പരിഗണനയെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. 2022ൽ വലിയ ശബ്ദമുണ്ടാവുന്ന രൂപത്തിൽ വാഹനങ്ങൾ പരിഷ്കരിച്ച 2361 പേർക്കെതിരെ അധികൃതർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇത്തരത്തിലെ 1079 കാറുകൾ പിടിച്ചെടുക്കുകയും ചെയ്തു. വാഹനത്തിൽ ശബ്ദ നിയന്ത്രണങ്ങൾ ലംഘിച്ചാൽ 2000 ദിർഹം പിഴയും ഡ്രൈവർക്കെതിരെ 12 ബ്ലാക്ക് പോയന്റുകളുമാണ് ശിക്ഷ. നിയമപരമല്ലാത്ത രീതിയിൽ വാഹനങ്ങൾ പരിഷ്കരിച്ചാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയന്റുകളുമാണ് ശിക്ഷ. വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.