റമദാനിൽ വായനയുടെ ഉത്സവമായി പുസ്തകമേള വരുന്നു
ദോഹ : സാംസ്കാരിക മന്ത്രാലയത്തിനു കീഴിലെ രണ്ടാമത് റമദാൻ പുസ്തകമേള മാർച്ച് 30ന് ആരംഭിക്കും. ഏപ്രിൽ അഞ്ചുവരെ തുടരുന്ന പുസ്തകമേളക്ക് ഇത്തവണ വേദിയാകുക ഉംസലാലിലെ ദർബ് അൽ സാഇ ആയിരിക്കുമെന്ന് ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
79 പ്രസാധകരും പുസ്തകശാലകളും പുസ്തകമേളയിൽ പങ്കെടുക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. പ്രാദേശിക സ്ഥാപനങ്ങളുടെ വലിയ പങ്കാളിത്തം സന്ദർശകർക്ക് ഖത്തറിന്റെ പ്രസിദ്ധീകരണ മേഖലയെ പരിചയപ്പെടുത്തും. ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയം, സാമൂഹിക വികസന-കുടുംബ മന്ത്രാലയം, ഖത്തർ റീഡ്സ് ഇനിഷ്യേറ്റിവ് എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള പുസ്തകപ്രേമികൾക്കും വിശുദ്ധ മാസത്തിൽ മതപ്രഭാഷണങ്ങൾക്കൊപ്പം സമ്പന്നമായ പഠനവും സാംസ്കാരിക അനുഭവവും നൽകുകയാണ് പരിപാടിയിലൂടെ ശ്രമിക്കുന്നത്.
പൊതുജനങ്ങൾക്ക് പുസ്തകങ്ങളോടും വായനയോടുമുള്ള താൽപര്യം പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുകയും വായനയുടെ പ്രാധാന്യം സംബന്ധിച്ചും ജീവിതത്തിൽ അതിന്റെ പങ്കിനെക്കുറിച്ചും വെളിച്ചം വീശാനും പുസ്തകമേള സഹായിക്കുമെന്നും സൃഷ്ടിപരമായ ബൗദ്ധിക ഇടമായി റമദാൻ പുസ്തകമേള വർത്തിക്കുമെന്നും സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുറഹ്മാൻ ആൽഥാനിയെ ഉദ്ധരിച്ച് ക്യു.എൻ.എ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ആരംഭിച്ച റമദാൻ പുസ്തകമേളക്ക് വൻ ജനപ്രീതിയാണ് ലഭിച്ചിരുന്നത്. സൂഖ് വാഖിഫിൽ മുശൈരിബിനോട് ചേർന്ന ഭാഗത്ത് വിപുലമായി സംഘടിപ്പിച്ച പുസ്തകമേള ആയിരക്കണക്കിനാളുകളാണ് സന്ദർശിച്ചത്. മലയാളത്തിൽനിന്ന് ഇസ്ലാമിക് പബ്ലിഷിങ് ഹൗസും (ഐ.പി.എച്ച്) കഴിഞ്ഞ വർഷത്തെ പുസ്തകമേളയിൽ പങ്കെടുത്തിരുന്നു. വിവിധ മന്ത്രാലയങ്ങളുടെ പവിലിയനുകളും കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വ്യത്യസ്ത പരിപാടികളും മേളയോടനുബന്ധിച്ച് നടക്കും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.