• Home
  • News
  • വസ്​തു കൈമാറ്റ രജിസ്​​ട്രഷന്​​ ആധാർ നിർബന്​ധമാക്കാൻ തീരുമാനം; ആശങ്കയിൽ പ്രവാസികൾ
bahrain

വസ്​തു കൈമാറ്റ രജിസ്​​ട്രഷന്​​ ആധാർ നിർബന്​ധമാക്കാൻ തീരുമാനം; ആശങ്കയിൽ പ്രവാസികൾ

മനാമ: കേരളത്തിൽ വസ്​തു കൈമാറ്റ രജിസ്​​ട്രഷന്​​ ആധാർ നിർബന്​ധമാക്കാനുള്ള തീരുമാനം ആധാർ കാർഡ്​ ഇല്ലാത്ത ബഹു​ഭൂരിപക്ഷം പ്രവാസികളിലും ആശങ്ക ഉണ്ടാക്കുന്നു. ഇത്​ തങ്ങളെ ഗുരുതരമായി ബാധിക്കുമെന്നാണ്​ ബഹ്​റൈനിലെ പ്രവാസികൾ ചൂണ്ടിക്കാട്ടുന്നത്​. നാട്ടിൽ സ്ഥിര താമസക്കാർക്കാണ്​ ആധാർ ലഭിക്കുക എന്നതിനാൽ പ്രവാസികളിൽ പലർക്കും ആധാർ കാർഡ്​ ഇല്ല. അതിനാൽ ഓരോ ഗവൺമെന്റ്​ കാര്യത്തിനും ആധാർ നിർബന്​ധമാക്കുന്നു എന്ന വാർത്ത വരു​മ്പോൾ പ്രവാസികൾ അതിനെ ആശങ്കയോടെയാണ്​ കാണുന്നത്​. നിലവിൽ വസ്​തു വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും വോട്ടർ ഐ.ഡികാർഡ്​, പാസ്​പോർട്ട്​, ​ഡ്രൈവിങ്​ ലൈസൻസ്​, ആധാർ തുടങ്ങിയവയാണ്​ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്നത്​. എന്നാൽ കേരളത്തിൽ വസ്​തു ഇടപാടിന്​ ആധാർ മാത്രം തിരിച്ചറിയൽ രേഖയാക്കാനാണ്​ റവന്യൂ വകുപ്പ്​ നടപടിക്രമങ്ങൾ എടുത്തിരിക്കുന്നത്​. ആദ്യഘട്ടമായി വിലയാധാരം രജിസ്​റ്റർ ചെയ്യുന്ന വസ്​തുക്കൾക്ക്​ ആധാർ നിർബന്​ധമാക്കാനുള്ള ഉത്തരവ്​ ഉടൻ പുറത്തിറങ്ങാമെന്നും അറിയുന്നു. പ്രവാസികളെ പരിഗണിക്കാതെ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്​ അവിവേകമാണെന്ന്​ പ്രവാസലോകത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ വസ്​തു വാങ്ങുന്നവരിലും വിൽക്കുന്നവരിലും പ്രവാസികളുടെ എണ്ണം വളരെ വലുതാണ്​. അതിനാൽ പ്രവാസികൾക്ക്​ എല്ലാം ആധാർ നൽകാനുള്ള നടപടി സ്വീകരിക്കുകയോ, അല്ലെങ്കിൽ പ്രവാസികൾക്ക്​ വസ്​തു കൈമാറ്റ രജിസ്​​സ്‌ട്രെഷന് പാസ്​പോർട്ട്​ ഉപയോഗിക്കാനുള്ള അവസരം നൽകുകയോ ചെയ്യണമെന്നാണ്​ പ്രവാസികൾ ആവശ്യപ്പെടുന്നത്​.

പ്രവാസിക്ക്​ സ്വന്തം നാട്ടിൽ നിക്ഷേപം നടത്താൻ ഏറ്റവും ആവശ്യം വേണ്ടത്​ വസ്​തുവിന്റെ കൈമാറ്റമാണ്​. പ്രവാസികൾ തങ്ങളുടെ ഭൂമിവിറ്റോ, പുതിയത്​ വാങ്ങുകയോ ചെയ്​താണ്​ പുതിയ സംരംഭങ്ങളുടെ ആദ്യഘട്ടം രൂപപ്പെടുത്തുന്നത്​ എന്നിരിക്കെ വരാൻ പോകുന്ന നിയമം തല​വേദനയാകും എന്നതിൽ സംശയമില്ല. പ്രവാസികൾക്ക്​ തേനും പാലും ഒഴുക്കുമെന്ന്​ പറയുന്ന ഗവൺമെന്റ്കൾ പ്രവാസികളുടെ അടിസ്ഥാന വിഷയങ്ങൾക്ക്​ മുന്നിൽ ചുവപ്പ്​നാടകൾ സൃഷ്​ടിക്കുന്നത്​ പതിവാണെന്നത്​ സ്ഥിരം പരാതിയാണ്​. കഴിഞ്ഞ വർഷം കേരളത്തിൽ പ്രളയത്തിൽ വീടിന്​ നാശനഷ്​ടം സംഭവിച്ചവർക്ക്​ നഷ്​ടപരിഹാരം നൽകാൻ ലളിതമായ നടപടികൾ സ്വീകരിക്കുമെന്ന്​ ഗവൺമെന്റ്​ പറഞ്ഞിരുന്നതാണ്​. എന്നാൽ ബഹ്​റൈനിലുള്ള പത്തനംതിട്ടക്കാരനായ പ്രവാസിയുടെ കുടുംബത്തിന്​ നഷ്​ടപരിഹാരം പ്രാഥമിക സമയത്ത്​ നിഷേധിച്ചത്​, ഗൃഹനാഥന്​ ആധാർ കാർഡ്​ ഇല്ലാത്തതി​ന്റെ പേരിലായിരുന്നു. ഇതിനെ തുടർന്ന്​ തുടർന്ന്​ നഷ്​ടപരിഹാരം കിട്ടാനുള്ള നടപടി ക്രമങ്ങൾക്കായി പ്രവാസി കമ്മീഷൻ ഇടപെട്ടിരുന്നു.