• Home
  • News
  • വേനൽക്കാലത്ത് വാഹനം ഓടിക്കുന്നവർക്ക് വെല്ലുവിളികളേറെയാണ്
driving

വേനൽക്കാലത്ത് വാഹനം ഓടിക്കുന്നവർക്ക് വെല്ലുവിളികളേറെയാണ്

ദുബായ്: ചൂടുകാലത്ത് വാഹനം ഓടിക്കുന്നവർക്ക് വെല്ലുവിളികളേറെയാണ് ചൂടിൽ ക്ഷീണം മൂലം ഉറങ്ങാനുള്ള സാധ്യത കൂടുതലായതിനാൽ ജാഗ്രത വേണം. ഉറക്കക്കുറവും ആരോഗ്യ പ്രശ്നങ്ങളുമെല്ലാം ഡ്രൈവിങ്ങിനെ ബാധിക്കാം. വെയിലത്തും മറ്റും ജോലി ചെയ്തശേഷം വാഹനമോടിക്കുന്നവർ ഏറെ ശ്രദ്ധിക്കണമെന്ന് അധികൃതർ. യാത്രയ്ക്കിടെ ക്ഷീണം അനുഭവപ്പെട്ടാൽ വാഹനം ഒതുക്കി നിർത്തി വിശ്രമിക്കണം. ദീർഘദൂര യാത്രയാണെങ്കിൽ ഇടയ്ക്കിടെ വാഹനം നിർത്തി അൽപസമയം വിശ്രമിച്ചശേഷം യാത്ര തുടരാം. ഈ സമയത്ത് തണുത്ത വെള്ളം കൊണ്ട് പലതവണ മുഖം കഴുകണം. ചൂടു ചായയോ കാപ്പിയോ കുടിക്കുന്നതും ഉന്മേഷം പകരും. ഇങ്ങനെയുള്ള യാത്രകളിൽ ഒരാളെ ഒപ്പം കൂട്ടുന്നതും നല്ലതാണ്. പ്രമേഹമുള്ളവർ മരുന്നു കഴിക്കുകയോ ഇൻസുലിൻ കുത്തിവയ്പ്പ് എടുത്ത ശേഷമോ യാത്ര ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. ഇവർക്കൊപ്പം ഒരാൾ കൂടെയുണ്ടാകണം. ഡ്രൈവർമാർ സൺഗ്ലാസ് ധരിക്കണം. എസി വാഹനത്തിലിരുന്ന് തുടർച്ചയായി റോഡിലേക്കു നോക്കിയിരിക്കുമ്പോൾ കണ്ണിനു അസ്വസ്ഥതയുണ്ടാകും. യാത്രയ്ക്കിടെ ധാരാളം വെള്ളം കുടിക്കാനും മറക്കരുത്. കൃത്രിമപാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

വാഹന ഉപയോഗം സൂക്ഷിച്ച്

1∙ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള സിഗററ്റ് ലൈറ്ററുകൾ, പെർഫ്യൂമുകൾ, ബാറ്ററികൾ, ചാർജറുകൾ തുടങ്ങിയവ വാഹനത്തിൽ മറന്നുവയ്ക്കരുത്. വാഹനത്തിന്റെ വിൻഡോ ഗ്ലാസ് അൽപം താഴ്ത്തിവയ്ക്കുന്നതും നല്ലതാണ്.

2∙ ഇന്ധന ടാങ്ക് പൂർണമായും നിറയ്ക്കരുത്. കഴിയുന്നതും വൈകുന്നേരങ്ങളിൽ ഇന്ധനം നിറയ്ക്കുക.

3∙ ടയറുകളിൽ അമിതമായി കാറ്റ് നിറയ്ക്കരുത്.

4∙ ഭക്ഷണപാനീയങ്ങൾ വാഹനത്തിൽ വച്ചുപോകുന്നത് ആരോഗ്യത്തിനു നന്നല്ല.