• Home
  • News
  • എല്‍.എം.ആര്‍.എ മീനാ സല്‍മാന്‍ സേവനകേന്ദ്രം ഞായറാഴ്ച മുതല്‍ പ്രവർത്തനമാരംഭിക്കും
mina salman office

എല്‍.എം.ആര്‍.എ മീനാ സല്‍മാന്‍ സേവനകേന്ദ്രം ഞായറാഴ്ച മുതല്‍ പ്രവർത്തനമാരംഭിക്കും

മനാമ: ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അഥോറിട്ടി (എല്‍.എം.ആര്‍.എ)യുടെ മീനാ സല്‍മാന്‍ സേവനകേന്ദ്രം ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എല്‍.എം.ആര്‍.എ ജനകീയമാക്കുന്നതിന്റെ ഭാഗമായി വിദേശത്തൊഴിലാളികളെ ഉദ്ദേശിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍.എം.ആര്‍.എ. യൂണിറ്റുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഭാഗമായാണ് മീനാ സല്‍മാനില്‍ പുതിയ ഓഫീസ് കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ പിന്നീട് ഈയിടെ അറ്റകുറ്റപ്പണികള്‍ക്കായി ഈ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായതിനെത്തുടര്‍ന്നാണ് ജൂലൈ 7 മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇന്‍സ്‌പെക്ഷന്‍ വിഭാഗമൊഴികെ സനാബിസില്‍ എല്‍.എം.ആര്‍.ഏ. ആസ്ഥാനത്ത് ലഭ്യമാകുന്ന എല്ലാ സേവനങ്ങളും മീനാ സല്‍മാനിലും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ വൈകിട്ട് ഏഴു വരെയാണ് മീനാ സല്‍മാനില്‍ ഓഫീസ് പ്രവര്‍ത്തിക്കുക. അതേസമയം സനാബിസില്‍ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഇനിയും അവിടെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍.എം.ആര്‍.ഏ. സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സനാബിസിലെ ഓഫീസില്‍ അനുഭവപ്പെടുന്ന തിരക്ക് വളരെയേറെ കുറക്കുവാനും ഇതുമൂലം സാധിച്ചു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിട്ടിയുടെ സേവനങ്ങളിലേറെയും രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ വഴിയും ജനങ്ങളിലെത്തിച്ച നടപടിയും ശ്ലാഘനീയമാണ്. ഇതനുസരിച്ച് വിദേശീയരുടെ മേല്‍വിലാസത്തിലുള്ള മാറ്റങ്ങളടക്കമുള്ള വിവരങ്ങള്‍ പുതുക്കുന്നതും ബഹ്‌റൈനൈസേഷന്‍ കാല്‍ക്കുലേഷന്‍ പ്രിന്റ് ഔട്ട് ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള സേവനങ്ങളും നിലവില്‍ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്. കൂടാതെ രാജ്യത്ത് ശമ്പളം ലഭിക്കാതെയും മറ്റുതരത്തിലും പീഡനത്തിനിരയാകുന്നവര്‍ക്ക് അഭയകേന്ദ്രമായി സര്‍ക്കാര്‍ വക ആരംഭിച്ചിട്ടുള്ള എക്‌സ്പാറ്റ് പ്രൊട്ടക്ഷന്‍ സെന്റര്‍ തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമാണ്. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി മുന്‍കയ്യെടുത്തു നടപ്പിലാക്കിയ കേന്ദ്രം വിവിധ കാരണങ്ങളാല്‍ പീഡനമനുഭവിക്കുന്ന വിദേശത്തൊഴിലാളികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഒരു അഭയകേന്ദ്രമായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പീഡനം മൂലമോ മറ്റു കാരണങ്ങളാലോ താമസ സ്ഥലത്തേക്ക് മടങ്ങിപ്പോകാന്‍ ബുദ്ധിമുട്ടുന്നവരെ ഏതാനും ദിവസത്തേക്ക് ഇവിടെ അധിവസിപ്പിക്കാനുമാകും.