• Home
  • News
  • മെഷ് ടോക്ക്; അൺലിമിറ്റഡ് വോയ്സ് കോളിന് ഫോണിൽ ചിപ്പുമായി ഒപ്പോ
mesh talk

മെഷ് ടോക്ക്; അൺലിമിറ്റഡ് വോയ്സ് കോളിന് ഫോണിൽ ചിപ്പുമായി ഒപ്പോ

ആശയവിനിമയം കൗമാരത്തിന്റെ അടിസ്ഥാനാവശ്യങ്ങളിലൊന്നാണ്. അതുകൊണ്ടാണ് ഏറ്റവും പിന്നിലത്തെ ബ‍െഞ്ചിൽ നിന്ന് ഒരു കുറിപ്പ് എട്ടായി മടക്കി അതിൽ വിലാസം എഴുതി മുന്നിലത്തെ ബെഞ്ചിലേക്കു കൈമാറുന്നത്. അത് ഒടുവിൽ ക്ലാസിലെ വടക്കുകിഴക്കേ അറ്റത്തു ചിന്തയിലാണ്ടിരിക്കുന്ന സഹപാഠിയുടെ കൈകളിലെത്തുന്നു. കാലാകാലങ്ങളായി വിദ്യാർഥികൾ ക്ലാസ് മുറികളിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ ആശയവിനിമയസംവിധാനം സ്മാർട്ഫോൺ നിർമാതാക്കളായ ഒപ്പോ തങ്ങളുടെ ഫോണുകളിൽ അവതരിപ്പിക്കാൻ പോകുന്നു. മെഷ് ടോക്ക് എന്നാണ് പേര്.

ഇന്റർനെറ്റോ വൈഫൈയോ ബ്ലൂടൂത്തോ ഇല്ലാതെ 3 കിലോമീറ്റർ പരിധിക്കുള്ളിലുള്ള ഒപ്പോ ഫോണുകളുമായി ആശയവിനിമയം (കോളുകൾ, ടെക്സ്റ്റ്-വോയ്സ് മെസേജുകൾ) നടത്താൻ വഴിയൊരുക്കുന്നതാണ് ഒപ്പോ മെഷ് ടോക്ക്. പിൻബെഞ്ചിൽ നിന്നു കുറിപ്പു കൈമാറുന്ന അതേ ലോജിക് തന്നെയാണ് മെഷ് ടോക്കിലുമുള്ളത്. ഒപ്പോ ഫോണുകളിലുള്ള ഒരു ചിപ്പിന്റെ സഹായത്തോടെയാണ് വൈഫൈയും ബ്ലൂടൂത്തുമൊന്നുമില്ലാതെ ഇതു സാധിക്കുന്നത്. മെഷ് ടോക്ക് വഴി അയയ്ക്കുന്ന സന്ദേശം സ്വീകർത്താവിൽ എത്തുക ഒരു ഫോണിൽ നിന്ന് ഏറ്റവുമടുത്തുള്ള അടുത്തതിലേക്ക്, അവിടുന്ന് അടുത്തതിലേക്ക് എന്നിങ്ങനെ കൈമാറി കൈമാറിയാണ്. സ്വീകർത്താവ് 3 കിലോമീറ്റർ പരിധിക്കുള്ളിലാണെങ്കിൽ മാത്രമേ ഈ കൈമാറ്റം നടക്കൂ. ഒപ്പോ ഫോണുകൾ തമ്മിൽ സൃഷ്ടിക്കുന്ന പ്രാദേശിക സ്വഭാവമുള്ള മെഷ് നെറ്റ്‍വർക്ക് വഴി നടക്കുന്ന ആശയവിനിമയം ആയതിനാലാണ് ഇതിനെ മെഷ് ടോക്ക് എന്നു വിളിക്കുന്നത്.

ഒന്നാമത്തെ ഫോണിൽ‌ നിന്നു സന്ദേശം പകർന്നു വാങ്ങുന്ന രണ്ടാമത്തെ ഫോൺ അതു വായിക്കുമെന്നോ കേൾക്കുമെന്നോ ഒന്നും സംശയിക്കേണ്ട. ആ ഫോണിന്റെ ഉപയോക്താക്കൾ അറിയാതെ നടക്കുന്ന കൈമാറ്റമായതിനാൽ ഡേറ്റ സുരക്ഷിതമായിരിക്കും. ക്ലാസിലെ കടലാസുതുണ്ടു കൈമാറി വരുന്നതുപോലെ കാലതാമസവുമില്ല. മെഷ് നെറ്റ്‍വർക്ക് നിലവിലുള്ളതായതുകൊണ്ടു സന്ദേശം തൽസമയം ലഭിക്കും. കഴിഞ്ഞയാഴ്ച ഷാങ്ഹായ് മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ഒപ്പോ തങ്ങളുടെ നൂതനമായ ആശയവിനിമയ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. ഏറെ വൈകാതെ ഒപ്പോ ഫോണുകളിൽ ഈ സംവിധാനം പ്രതീക്ഷിക്കാം.

Entertainment

Business