• Home
  • News
  • സൈബർ വലയിൽ നിന്നു കുട്ടികൾക്കു സംരക്ഷണം; യുഎഇയും ഒമാനും ശക്തമായ നടപടികളിലേക്ക്
children's cyber safety

സൈബർ വലയിൽ നിന്നു കുട്ടികൾക്കു സംരക്ഷണം; യുഎഇയും ഒമാനും ശക്തമായ നടപടികളിലേക്ക്

ദുബായ്: സൈബർ വലയിൽ നിന്നു കുട്ടികൾക്കു സംരക്ഷണം നൽകാൻ യുഎഇയും ഒമാനും ശക്തമായ നടപടികളിലേക്ക്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുണിസെഫുമായി ചേർന്നു സമഗ്ര ബോധവൽക്കരണ പരിപാടികൾക്ക് ഷാർജ സാമൂഹിക സേവന വിഭാഗം ഒരുങ്ങി. സൈബർ സുരക്ഷാ നിയമത്തിൽ കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്താനുള്ള യുഎഇ തീരുമാനത്തിനു പിന്നാലെ ഒമാനും നടപടികൾ ശക്തമാക്കുകയാണ്. കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കാളികളാക്കിയുള്ള ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി’ പദ്ധതിക്കു യുഎഇ രൂപം നൽകിയിട്ടുണ്ട്. വേനലവധിക്കു വിദ്യാലയങ്ങൾ അടച്ചതോടെ കുട്ടികൾ കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുന്നുണ്ട്. ലൈംഗികമായും മറ്റും കുട്ടികളെ ചൂഷണം ചെയ്യാൻ വെബ്സൈറ്റുകൾക്കു പുറമേ വ്യക്തികളും കെണിയൊരുക്കുന്നു. സമൂഹമാധ്യമങ്ങളിലെ വളർന്നു വരുന്ന സൗഹൃദങ്ങളും തെറ്റുകളിലേക്കു നയിക്കുന്നു. വെബ്സൈറ്റുകൾക്കും മറ്റും സ്വകാര്യ വിവരങ്ങളും മറ്റും കൈമാറുന്നത് ഒട്ടും സുരക്ഷിതമല്ല. കുട്ടികൾക്കു മനസ്സുതുറന്നു സംസാരിക്കാനുള്ള ആത്മവിശ്വാസം രക്ഷിതാക്കൾ വളർത്തിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി.

ഒമാനിൽ ഈ വർഷം ആദ്യപകുതി 35 സൈബർ കേസുകൾ റിപ്പോർട്ട് ചെയ്തതായി ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി (ഐടിഎ) വ്യക്തമാക്കി. 18 വയസ്സിൽ താഴെയുള്ളവരാണ് ഇരകളായത്. ഭാവിയിലെ സൈബർ വെല്ലുവിളികൾ നേരിടാൻ 60 പദ്ധതികൾ നടപ്പാക്കാനാണ് യുഎഇ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രാ) തീരുമാനം. 5 ഘടകങ്ങൾ മുൻനിർത്തി ദേശീയ സൈബർ സുരക്ഷാ നയം നടപ്പാക്കും. സർക്കാർ രേഖകൾക്കും സ്ഥിതിവിവര കണക്കുകൾക്കും പൂർണസംരക്ഷണം ഉറപ്പുവരുത്തുകയെന്നതാണ് ആദ്യത്തേത്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടു ഗവേഷണ പദ്ധതികൾ ഊർജിതമാക്കുക, പൊതുജനങ്ങൾക്കു ബോധവൽക്കരണം നൽകുക, സൈബർ ചട്ടങ്ങൾ പഴുതുകളില്ലാതെ നടപ്പാക്കുക, മേഖലാ-രാജ്യാന്തര സൈബർ വിദഗ്ധരുടെ സഹകരണം ഉറപ്പാക്കുക എന്നിവയാണ് മറ്റു ഘടകങ്ങൾ. കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഹെൽപ് ലൈനിൽ വിവരം അറിയിക്കണമെന്ന് ഷാർജ സാമൂഹിക സേവന വിഭാഗം ഡയറക്ടർ അഹമ്മദ് അൽ മായിൽ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട് ലൈൻ സംവിധാനമാണുള്ളത്. ഹെൽപ്‌ലൈൻ: 800700. സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ ദുബായ് പൊലീസ് വെബ്സൈറ്റിനു തുടക്കം കുറിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഇന്റർനെറ്റ് കോളുകൾ, ഹാക്കിങ്, ഓൺലൈൻ ഭീഷണികൾ, സൈബർ തട്ടിപ്പുകൾ, വ്യാജ ഇ-മെയിലുകൾ എന്നിവയെക്കുറിച്ചെല്ലാം പരാതി നൽകാം. സൈറ്റ്: www.ecrime.ae.

Entertainment

Business