• Home
  • News
  • ദുബായ് ബസ് അപകടം; സ്റ്റീൽ തൂണ്‍ അനുചിതമായ സ്ഥലത്താണ് നിർമിച്ചതെന്ന് അഭിഭാഷകൻ
uae

ദുബായ് ബസ് അപകടം; സ്റ്റീൽ തൂണ്‍ അനുചിതമായ സ്ഥലത്താണ് നിർമിച്ചതെന്ന് അഭിഭാഷകൻ

ദുബായ്: മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണമായ അൽ റാഷിദിയ്യ എക്സിറ്റിലെ ഉയരം ക്രമീകരിക്കുന്ന സ്റ്റീൽ തൂണ്‍ അനുചിതമായ സ്ഥലത്താണ് നിർമിച്ചതെന്ന് ബസ് ഡ്രൈവറുടെ അഭിഭാഷകൻ. ജിസിസി നിയമാവലികളും നിലവാരവും ലംഘിച്ചാണ് ഇത് നിർമിച്ചതെന്നും അടിസ്ഥാന സംവിധാനങ്ങൾ പോലും ഇവിടെയില്ലെന്നും അഭിഭാഷകൻ മുഹമ്മദ് സെയ്ഫ് അൽ തമിമി കോടതിയിൽ വാദിച്ചു. ജിസിസി നിയമാവലി പ്രകാരം വേഗം മണിക്കൂറിൽ 60 കിലോ മീറ്ററാണെങ്കിൽ മുന്നറിയിപ്പ് ബോര്‍ഡും ഗേറ്റിന്റെ ഉയരവും തമ്മിൽ അകലം 60 മീറ്ററായിരിക്കണം. എന്നാൽ അപകടം നടന്ന സ്ഥല 12 മീറ്റർ വ്യത്യാസം മാത്രമേയുള്ളൂ. കൂടാതെ, ഇത്തരം ബാരിയറുകൾ കോൺക്രീറ്റിൽ നിർമിക്കേണ്ടതും ചലനമുള്ളതുമായിരിക്കണം.

മേയ് ആറിന് പെരുന്നാൾ അവധിക്കാലത്താണ് അപകടം നടന്നത്. ഏഴ് മലയാളികളുൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് ബസ് ഡ്രൈവർ കുറ്റസമ്മതം നടത്തിയിരുന്നു. ഒമാൻ സ്വദേശിയായ 53കാരനാണ് ഡ്രൈവർ. തന്റെ പിഴവാണ് അപകടകാരണമെന്ന് ഡ്രൈവർ സമ്മതിച്ചതായി എമിറേറ്റ്സ് ട്രാഫിക് പ്രോസിക്യൂഷൻ അഡ്വക്കേറ്റ് ജനറൽ സലാഹ് ബു ഫറുഷ അൽ ഫലാസി വ്യക്തമാക്കുകയും ചെയ്തു. ഡ്രൈവർ ഏഴ് വർഷം തടവു അനുഭവിക്കുകയും മരിച്ചവരുടെ ആശ്രിതർക്ക് 34 ലക്ഷം ദിർഹം (ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം (ബ്ലഡ് മണി) നൽകുകയും വേണമെന്ന് സലാഹ് ബു ഫറൂഷ അൽ ഫലാസി ആവശ്യപ്പെട്ടിരുന്നു. ഒമാനിൽ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40ന് അൽ റാഷിദിയ്യ എക്സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണിൽ ഇടിച്ചായിരുന്നു അപകടം. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബസുകൾ പ്രവേശിക്കാൻ പാടില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേക്കുള്ള റോഡിലേക്ക് പ്രവേശിച്ചതാണ് അപകട കാരണമായത്. ബസിന്റെ മുകൾ ഭാഗം ഇരുമ്പു കൊണ്ട് നിർമിച്ച ട്രാഫിക് ബോർഡിലേക്ക് ഇടിക്കുകയായിരുന്നു. ഒരു ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് മരിച്ചവരെല്ലാം. ഏഴ് മലയാളികളടക്കം 12 ഇന്ത്യക്കാരും 2 പാക്കിസ്ഥാനികളും ഒരു ഫിലിപ്പീൻസ് സ്വദേശിയുമാണ് മരിച്ചത്. ഡ്രൈവർക്കും പരുക്കേറ്റിരുന്നു.

Entertainment

Business