• Home
  • News
  • ചൂട് കൂടുന്നു; വാഹനങ്ങളുടെ ചക്രങ്ങൾ ശ്രദ്ധിച്ചാൽ വലിയ ദുരന്തത്തിൽനിന്ന് രക്ഷപ്പെ
uae

ചൂട് കൂടുന്നു; വാഹനങ്ങളുടെ ചക്രങ്ങൾ ശ്രദ്ധിച്ചാൽ വലിയ ദുരന്തത്തിൽനിന്ന് രക്ഷപ്പെടാം

ദുബായ്: അറബ് മേഖലയിൽ ചൂട് കൂടുകയാണ്. വാഹനങ്ങളുടെ ചക്രം പൊട്ടിത്തെറിച്ചുള്ള അപകടങ്ങളുടെ കാലമാണ് മുന്നിൽ. ചക്രങ്ങൾ ശ്രദ്ധിച്ചാൽ വലിയ ദുരന്തത്തിൽനിന്ന് രക്ഷപ്പെടാം. ഉന്നതനിലവാരമുള്ള ചക്രങ്ങളാണ് വാഹനങ്ങൾക്ക് ഘടിപ്പിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കുക. ചെറിയ ലാഭത്തിന് വേണ്ടി വിലയും നിലവാരവും കുറഞ്ഞ ചക്രങ്ങൾ തിരഞ്ഞെടുത്താൽ ഒരു പക്ഷെ, ജീവിതത്തിൽ വലിയ വിലയായിരിക്കും അതിന് നൽകേണ്ടിവരുകയെന്ന് അറിയുക. വാഹനത്തിന് കമ്പനി നിർദേശിച്ച വലുപ്പവും നിലവാരവും ഉള്ള ചക്രം മാത്രമേ ഘടിപ്പിക്കാവൂ. അത് ചക്രത്തിന്റെയും വാഹനത്തിന്റെയും ഉടമയുടെയും ആയുസ്സ് കൂട്ടും. ചക്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കാറ്റാണ്. അതിനാൽ കാറ്റിന്റെ അളവ് കൃത്യമാണെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പാക്കുക. രണ്ടാഴ്ച കൂടുമ്പോൾ ചക്രത്തിലെ കാറ്റിന്റെ അളവ് പരിശോധിക്കണം. ദീർഘദൂര യാത്രയ്ക്ക് മുമ്പ് ഈ പരിശോധന നിർബന്ധമായും നടത്തണം. ദിവസവും രാവിലെ വാഹനം എടുക്കുന്നതിന് മുമ്പ് ചക്രങ്ങൾ ശ്രദ്ധിക്കുന്നത് ശീലമാക്കണം.

കൂടുതൽ ഭാരവുമായി ദൂരയാത്രയ്ക്ക് ഒരുങ്ങുകയാണെങ്കിൽ ചക്രത്തിൽ കുറച്ചധികം കാറ്റടിക്കുന്നത് നല്ലതാണ്. പക്ഷെ ചക്രത്തിൽ രേഖപ്പെടുത്തിയതിനെക്കാൾ കാറ്റ് അധികമാകാതിരിക്കാനും ശ്രദ്ധിക്കണം. ചക്രം തണുത്തിരിക്കുമ്പോൾ മാത്രമേ കാറ്റിന്റെ അളവ് പരിശോധിക്കാൻ പാടുള്ളൂ. ഏറെ നേരം ഓടിക്കഴിഞ്ഞുള്ള പരിശോധയിൽ ഫലം കൃത്യമാകണമെന്നില്ല. ചക്രത്തിന്റെ ഉള്ളിലെ കാറ്റ് മർദം കൊണ്ട് ചൂടാകുന്നതിനാലാണിത്. ചക്രത്തിന്റെ വാൽവ് റബർ അടപ്പ് കൊണ്ട് അടച്ചിടണം. എപ്പോഴും റബർ അടപ്പുകൾ വാഹനത്തിൽ കരുതുന്നതും നല്ലതാണ്. പൊടിയും ചളിയും കയറി വാൽവ് അടയുന്നത് അടപ്പുകൾ തടയും. ചക്രങ്ങളുടെ അലൈൻമെന്റ് യഥാസമയം പരിശോധിച്ച് ശരിയാക്കേണ്ടതാണ്. അതിലുള്ള മാറ്റം ചക്രങ്ങളുടെ ആയുസ്സും വാഹനത്തിന്റെ ഇന്ധന ക്ഷമതയും കുറയ്ക്കും. ഓട്ടത്തിനിടയിൽ വാഹനം അമിതമായി കുലുങ്ങുന്നുവെങ്കിൽ ആദ്യം സംശയിക്കേണ്ടത് ചക്രത്തെയാണ്. തുടക്കത്തിൽതന്നെ അത് പരിശോധിച്ച് പ്രശ്നം കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ അപകടമാണ്.

ഓടിക്കുന്നയാളിന്റെ കൈയിലിരിപ്പ് പോലെയായിരിക്കും വാഹനത്തിന്റെ ചക്രത്തിന്റെ ആയുസ്സ്. നിർത്തിയേടത്തുനിന്ന് പെട്ടെന്ന് കുതിക്കുമ്പോഴും പെട്ടെന്ന് നിർത്തുമ്പോഴും പൊടിഞ്ഞ് പോകുന്നത് കിലോമീറ്ററുകൾ താണ്ടേണ്ട ചക്രത്തിന്റെ പുറം പാളികളാണ്. വളവുകളിലും തിരിവുകളിലും വേഗം കുറയ്ക്കാതെ വാഹനം ഓടിക്കുന്നതും പാറക്കല്ലുകളിലൂടെ അമിത വേഗത്തിൽ ഓടിക്കുന്നതും ചക്രത്തെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. ചക്രങ്ങൾ പരസ്പരം മാറ്റിയിടുന്നത് അവയുടെ ആയുസ്സ് കൂട്ടും. എന്നാൽ അത് ചെയ്യുന്നത് വിദഗ്ധരുടെ സാന്നിധ്യത്തിൽ മാത്രമായിരിക്കണം. ഓരോ 12,500 കിലോമീറ്ററിനും 17,000 കിലോ മീറ്ററിനും ഇടയിൽ ചക്രങ്ങൾ സ്ഥാനം മാറ്റിയിടാവുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ മാറ്റിയിടാൻ വാഹനത്തിൽ കരുതിവെക്കുന്ന ചക്രവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചക്രങ്ങൾ പരസ്പരം മാറ്റുന്നതിനൊപ്പം അവയ്ക്കും ജോലി കൊടുക്കാവുന്നതാണ്. വാഹനത്തിന് ചെറിയ ചക്രമിടുന്നതും വലുതിട്ട് വീർപ്പിക്കുന്നതും ചിലർക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാൽ അത് അപകടത്തിലേക്കുള്ള വഴിയാണ് തുറക്കുന്നത്. കമ്പനി നിർദേശിക്കുന്ന ചക്രംമാത്രം ഉപയോഗിക്കുന്നതാണ് ബുദ്ധി. ചക്രം സ്വയം മാറ്റിയിടാതിരിക്കുന്നതാണ് നല്ലത്. പുതിയ ചക്രങ്ങൾ വിൽക്കുന്നിടത്തെല്ലാം അത് ഘടിപ്പിക്കാൻ പരിചിതരായ തൊഴിലാളികളും ഉണ്ടാകും. സ്വയം ചക്രം മാറ്റിയിടാനുള്ള ശ്രമം അത് നശിപ്പിക്കുന്നതിലേക്കോ അപകടത്തിലേക്കോ ആയിരിക്കും വഴി തുറക്കുക. പുതിയ ചക്രങ്ങൾ ഘടിപ്പിച്ചാൽ ആദ്യ കിലോമീറ്ററുകളിൽ വാഹനം ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. നിർത്തുമ്പോഴും വേഗം കൂട്ടുമ്പോഴും വളയ്ക്കുമ്പോഴും മഴയത്ത് ഓടിക്കുമ്പോഴും ആയിരിക്കും പുതിയ ചക്രത്തിന്റെ മാറ്റം നിങ്ങൾക്ക് അറിയാൻ കഴിയുക. പൊരിവെയിലത്ത് വാഹനം നിർത്തിയിടുമ്പോൾ ചക്രങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നില്ലെന്ന് ഉറപ്പാക്കുന്നത് നന്നാകും.

Entertainment

Business