• Home
  • News
  • കൂടിയ നിരക്കിൽ ടിക്കറ്റ് വിറ്റു ശേഷം വില കുറച്ചു; പ്രവാസികളോട് ചതി
kuwait

കൂടിയ നിരക്കിൽ ടിക്കറ്റ് വിറ്റു ശേഷം വില കുറച്ചു; പ്രവാസികളോട് ചതി

കുവൈത്ത് സിറ്റി: പ്രവാസി യാത്രികരെ പിഴിയുന്നതിന് തന്ത്രവുമായി വിമാന കമ്പനികൾ. അവധിക്കാലം കണക്കിലെടുത്ത് മാസങ്ങൾക്ക് മുൻപെ കൂടിയ നിരക്കിൽ പരമാവധി ടിക്കറ്റുകൾ വിൽ‌പന നടത്തിയ ശേഷം അവസാനഘട്ടത്തിൽ വില കുറയ്ക്കുന്ന ഏർപ്പാട് തുടരുകയാണ് അവർ. ഇൻഡിഗോ എയർലൈൻസിൽ ഓഗസ്റ്റ് ഒന്നിന് കുവൈത്തിൽനിന്ന് കണ്ണൂരിലേക്കും 15ന് തിരിച്ച് കുവൈത്തിലേക്കും യാത്ര ചെയ്യുന്നതിന് മേയ് 5ന് ബുക്ക് ചെയ്ത ടിക്കറ്റിന് ഈടാക്കിയത് 160 ദിനാർ. ദിവസം കഴിയുന്തോറും തുക കൂടിക്കൂടി വന്ന് ഏതാണ് 200 ദിനാർ വരെ എത്തിയിരുന്നു.

സീറ്റുകളുടെ പരിമിതിയും ഡിമാൻ‌റുമായിരുന്നു നിരക്ക് വർധനവിന് പറയപ്പെട്ട കാരണങ്ങൾ. നിരക്ക് ഇനിയും കൂടിയേക്കുമെന്ന ആശങ്കയിൽ ബലിപെരുന്നാൾ, ഓണം എന്നിവയൊക്കെ കണക്കാക്കി ഒരുവിധം ആളുകൾ കിട്ടാവുന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞു. പരമാവധി ബുക്കിങ് കഴിഞ്ഞതോടെ വിമാന കമ്പനി ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചിരിക്കയാണ്. ഓഗസ്റ്റ് ഒന്നിന് കണ്ണൂരിലേക്കും 15ന് തിരിച്ച് കുവൈത്തിലേക്കുമുള്ള ടിക്കറ്റിന് ഇന്നലെ (വ്യാഴം) നിരക്ക് 138 ദിനാർ ആയി. ഒറ്റയടിക്ക് 28 ദിനാർ കുറവ്. സാഹചര്യം മുതലെടുത്ത് യാത്രക്കാരെ പിഴിയുന്ന തന്ത്രമാണ് വിമാന കമ്പനി പയറ്റിയത്. കൃത്രിമ ഡിമാൻഡ് ഉണ്ടാക്കി നിരക്ക് വർധിപ്പിക്കുകയും പരമാവധി ബുക്കിങിന് ശേഷം കുറയ്ക്കുകയും ചെയ്യുക. വിമാനകമ്പനികൾ കാലങ്ങളായി നടത്തുന്ന രീതി ഇപ്പോഴും തുടരുന്നതിനാൽ വെട്ടിലാകുന്നത് നേരത്തെ ടിക്കറ്റ് എടുത്തുവക്കുന്നവരും.