• Home
  • News
  • വിസ-സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കിയത് യാത്രക്കാർക്ക് പ്രയാസം നേരിടുന്ന
kuwait

വിസ-സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കിയത് യാത്രക്കാർക്ക് പ്രയാസം നേരിടുന്നു; കുവൈത്ത്

കുവൈത്ത് സിറ്റി: പാസ്‌പോര്‍ട്ടില്‍ വിസ- സ്റ്റിക്കര്‍ പതിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കിയത് കുവൈത്തിലെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രയാസം നൽകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്തില്‍ നിന്നും മധ്യവേനല്‍ അവധി ചിലവഴിക്കാനായി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണു അതത് രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ തടസ്സം നേരിട്ടത്. കുവൈത്തില്‍ താമസരേഖ പുതുക്കുന്നവര്‍ക്ക് പാസ്സ്‌പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്ന സമ്പ്രദായം രണ്ടു മാസം മുമ്പ് നിര്‍ത്തലാക്കിയിരുന്നു. പകരം രാജ്യത്തു നിന്ന് യാത്ര ചെയ്യുമ്പോഴും തിരിച്ചെത്തുമ്പോഴും സിവില്‍ ഐ.ഡി.യിലെ വിവരങ്ങള്‍ ആധാരമാക്കിയാണു എമിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ നടത്തുന്നത്. ഇതിനാല്‍ രാജ്യത്ത് നിന്നു പുറത്തേക്ക് പോകുന്നവരും തിരിച്ചെത്തുന്നവരും സിവില്‍ ഐ.ഡി കൈയില്‍ സൂക്ഷിക്കണമെന്നതും നിര്‍ബന്ധമാക്കിയിരുന്നു.എന്നാല്‍ സിവില്‍ ഐ.ഡിയില്‍ റെസിഡന്‍സി ഐ.ഡി.എന്ന് സൂചിപ്പിക്കുകയോ കാര്‍ഡിന്റെ കാലാവധി രേഖപ്പെടുത്തുകയോ ചെയ്യാത്തതാണു യൂറോപ്യന്‍ രാജ്യങ്ങളിലെ എമിഗ്രേഷന്‍ അധികൃതര്‍ യാത്രക്കാരെ തടഞ്ഞുവെക്കാന്‍ കാരണമാകുന്നത്. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ അതാതു രാജ്യങ്ങളിലുള്ള കുവൈത്ത് എംബസിയുടെ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടുകയുണ്ടായി. എംബസി അധികൃതര്‍ എമിഗ്രേഷന്‍ അധികൃതരുമായി ബന്ധപ്പെടുകയും കുവൈത്തിലെ പുതിയ സംവിധാനത്തെക്കുറിച്ച് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷമാണു യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനായത്.

പുതിയ സിവില്‍ ഐ. ഡി. കാര്‍ഡുകളില്‍ പേരുകള്‍ പൂര്‍ണ്ണമായി രേഖപ്പെടുത്താത്തത് മൂലം കുവൈത്തിലെ ബാങ്കുകളില്‍ ഇടപാടുകള്‍ നടത്തുന്നതിനും തടസ്സം നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്. പുതിയ സിവില്‍ ഐ.ഡി. യില്‍ പേരിന്റെ ആദ്യ ഭാഗവും അവാസന ഭാഗവും മാത്രമാണു രേഖപ്പെടുത്തുന്നത്. ഇക്കാരണത്താല്‍ വ്യക്തി വിവരങ്ങള്‍ കാലാനുസൃതമാക്കാന്‍ എത്തുന്ന ഇടപാടുകാരെ ബാങ്ക് അധികൃതര്‍ തിരിച്ചയക്കുയാണു ചെയ്യുന്നത്.സിവില്‍ ഐ. ഡി. യില്‍ മുഴുവന്‍ പേരില്ലാത്തത് കാരണം കമ്പ്യൂട്ടര്‍ സംവിധാനം അപേക്ഷകള്‍ തിരസ്‌കരിക്കുന്നതാണു ഇതിനു കാരണമായി ബാങ്ക് അധികൃതര്‍ പറയുന്നത്.

Entertainment

Business