• Home
  • News
  • എഴുപതോളം മലയാളികളും ഇരുന്നൂറിലധികം ഇന്ത്യകാരും ദമ്മാമില്‍ 18മാസമായി ശമ്പളമില്ലാത
saudi

എഴുപതോളം മലയാളികളും ഇരുന്നൂറിലധികം ഇന്ത്യകാരും ദമ്മാമില്‍ 18മാസമായി ശമ്പളമില്ലാതെ ദുരിതത്തില്‍

റിയാദ്: സൗദി അറേബ്യയിൽ എഴുപതോളം മലയാളികള്‍ ഉള്‍പ്പെടെ ഇരുന്നൂറിലധികം ഇന്ത്യക്കാര്‍ക്ക് പതിനെട്ട് മാസമായി ജോലിയും ശമ്പളവുമില്ലാതെ ദുരിത ജീവിതം . സൗദി ദമ്മാമിലെ റോഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണ് ഭക്ഷണവും മരുന്നും വെള്ളവും വെളിച്ചവും ഇല്ലാതെ ദുരിത ജീവിതം നയിക്കുന്നത്. വിവിധ രാജ്യക്കാർ ഉള്‍പ്പെടെ മുന്നുറ്റി അമ്പത് ജീവനക്കാരാണ് കമ്പനിയുടെ മൂന്ന് ക്യാമ്പുകളിലായി ദുരിത ജീവിതം നയിക്കുന്നത്. ലേബര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും അത് നടപ്പാകാത്തതിനെ തുടര്‍ന്ന് മേല്‍ കോടതികളില്‍ കേസ് തുടരുകയാണ്. രണ്ട് വര്‍ഷത്തിലധികമായി താമസ രേഖയും മെഡിക്കല്‍ ഇന്‍ഷൂറന്‍സും പുതുക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല . രണ്ട് ക്യാമ്പുകളില്‍ വെള്ളവും വെളിച്ചവും ഇല്ലാതായിട്ട് മാസങ്ങളായി. ഇന്ത്യൻ എംബസിക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഒന്നും ഇതുവരെ ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. സര്‍വീസ് മണിയും , ശമ്പള കുടിശ്ശികയും നേടിയെടുക്കാനും തിരിച്ച് നാട്ടിലേക്ക് എത്തിക്കാനും ഇന്ത്യൻ എംബസിയും സര്‍ക്കാരും അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം .