• Home
  • News
  • കുവൈത്തില്‍ നഴ്സുമാരുടെ നിയമനം ആരോഗ്യ മന്ത്രാലയം നേരിട്ടു നടത്താൻ തീരുമാനിച്ചു
kuwait

കുവൈത്തില്‍ നഴ്സുമാരുടെ നിയമനം ആരോഗ്യ മന്ത്രാലയം നേരിട്ടു നടത്താൻ തീരുമാനിച്ചു

കുവൈത്ത് സിറ്റി : രാജ്യത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ പുറം കരാറില്‍ ജോലി ചെയ്യുന്ന നഴ്സുമാരെ നേരിട്ട് നിയമിക്കുന്നതിന് നടപടികൾ. ഇതു സംബന്ധിച്ചു ബന്ധപ്പെട്ട വകുപ്പുകള്‍ പഠനം നടത്തി വരികയാണെന്ന് ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാഹാണ് വെളിപ്പെടുത്തിയത്. ബന്ധപ്പെട്ട സമിതികളെ ഇതിനായി ഏകോപിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ ചികിത്സാ പരിപാലന രംഗത്ത് സ്ഥിരത കൈവരിക്കാന്‍ സാധിക്കുമെന്നു മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഡോക്ടര്‍മാരുടെ മാതൃകയില്‍ അധിക ജോലി ഏറ്റെടുത്തു ചെയ്യാനുള്ള നഴ്സുമാരെ നിയമിക്കണമെന്ന ആവശ്യം കൂടി പരിഗണിക്കുമെന്നും ബാസില്‍ അല്‍ സബാഹ് അറിയിച്ചു. മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ നഴ്സ്മാരുടെ കുറവ് കാരണം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. നഴ്സിംഗ് കരാറില്‍ ഏര്‍പ്പെട്ട സ്ഥാപനം കരാര്‍ പുതുക്കുവാന്‍ വിസമ്മതിച്ചതാണു ഇതിനു കാരണം. നിലവിലുള്ള നഴ്‌സുമാരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവ് വരുത്തണം എന്നായിരുന്നു കരാര്‍ കമ്പനിയുടെ ആവശ്യം. മന്ത്രാലയ അധികൃതരുമായി കമ്പനി പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ കരാര്‍ കമ്പനിയുടെ ആവശ്യം മന്ത്രാലയ അധികൃതര്‍ നിരസിച്ചതോടെ നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം തന്നെ കരാര്‍ പുതുക്കുവാന്‍ ഒടുവില്‍ കമ്പനി അധികൃതര്‍ സമ്മതിക്കുകയായിരുന്നു. ഇതോടെ പ്രശ്‌നത്തിനു പരിഹാരം ഉണ്ടായതായിട്ടാണ് മന്ത്രി അറിയിച്ചത്. ആരോഗ്യ മേഖലയില്‍ 8 രോഗികള്‍ക്ക് ഒരു നഴ്സ് എന്ന അനുപാതമാണു ആഗോള തലത്തില്‍ അനുവര്‍ത്തിച്ചു വരുന്നത്.എന്നാല്‍ കുവൈത്തില്‍ 8 രോഗികള്‍ക്ക് 3 നഴ്സ്മാര്‍ എന്ന രീതിയാണ് തുടര്‍ന്നതെന്നും മന്ത്രി അവകാശപ്പെട്ടു. ഇതോടെ സ്വകാര്യ കമ്പനി കരാര്‍ അടിസ്ഥാനത്തില്‍ കുവൈത്തിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ഇന്ത്യന്‍ നഴ്സ്മാര്‍ക്ക് വലിയ ആശ്വാസമാകും.

Entertainment

Business