• Home
  • News
  • പ്രവാസത്തിന്റെ പരിമിതി അവസരമാക്കി മണ്ണിൽ പൊന്നു വിളയിച്ച് മലയാളികൾ; മരുഭൂമിയിലെ

പ്രവാസത്തിന്റെ പരിമിതി അവസരമാക്കി മണ്ണിൽ പൊന്നു വിളയിച്ച് മലയാളികൾ; മരുഭൂമിയിലെ 'വിജയരഹസ്യങ്ങൾ'

അബുദാബി ∙ ചൂടിൽ നിന്ന് തണുപ്പിലേക്കു മാറിയ യുഎഇയിൽ ഇനി കൃഷിയുടെ നാളുകൾ. മനസ്സിൽ പച്ചപ്പ് സൂക്ഷിക്കുന്നവരും കൃഷിയോട് താൽപര്യമുള്ളവർ ആഴ്ചകൾക്കു മുൻപേ മണ്ണൊരുക്കം തുടങ്ങിയിരുന്നു. ശനിയാഴ്ച മുതൽ ശരത്കാലത്തിനു തുടക്കമിട്ടതോടെ സ്വദേശികളും വിദേശികളും മണ്ണിലേക്ക് ഇറങ്ങിത്തുടങ്ങി. വിത്തിടലും നേരത്തെ തയാറാക്കി വച്ച തൈ പറിച്ചുനടലുമൊക്കെയായി സജീവമാകുകയാണ് മറുനാട്ടിലെ കൃഷിക്കാഴ്ചകൾ. 

പ്രവാസത്തിന്റെ പരിമിതി അവസരമാക്കി മണ്ണിൽ പൊന്നു വിളയിക്കുന്ന ഒട്ടേറെ മലയാളികളുണ്ട്. സ്വദേശികളിൽ നിന്ന് സ്ഥലം പാട്ടത്തിനെടുത്ത് വ്യവസ്ഥാപിതമായി കൃഷി ചെയ്തുവരുന്നു. കൂടാതെ താമസിക്കുന്ന വില്ലയിലും ഫ്ലാറ്റിന്റെ ബാൽക്കണിയിലും ലഭ്യമായ തുറസായ സ്ഥലത്തും കൃഷി ചെയ്ത് അത്യാവശ്യ പച്ചക്കറി സ്വന്തമായി വിളയിച്ചെടുക്കുന്ന പ്രവാസി മലയാളികളും ഏറെ. ദിവസേന കുറച്ചു സമയം മാറ്റിവച്ചാൽ മനസ്സും വയറും നിറയ്ക്കാം. 

∙ മണ്ണൊരുക്കാം

മണ്ണ് ഇളക്കി മറിച്ച് സംസ്കരിക്കാത്ത വളവും ചേർത്ത ശേഷം വെള്ളം കെട്ടി നിർത്തി 4-5 ദിവസം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടിയിടണം. സൂര്യതാപത്തിൽ വെള്ളം ചൂടായി പുഴുകി മണ്ണ് പഴുക്കും (സ്റ്റെറിലൈസേഷൻ). ഇതോടെ മണ്ണിലെയും വളത്തിലെയും അനാവശ്യ കീടങ്ങളും ബാക്ടീരിയയും ഫംഗസും നശിച്ച് കൃഷിക്ക് യോഗ്യമാകും. പിന്നീട്  വിത്തിടുകയോ ചെടി പറിച്ചുനടുകയോചെയ്യാം. സംസ്കരിച്ച വളമാണെങ്കിൽ നേരിയ തോതിൽ ഇതോടൊപ്പം ചേർക്കാം.

∙ ചട്ടിക്കൃഷി

ചട്ടിയിലെ പഴയ മണ്ണ് പുറത്തെടുത്ത് അതിൽ വളവും വെള്ളവും ചേർത്ത് പരുവപ്പെടുത്തുകയോ പുതിയ മണ്ണു വാങ്ങിയോ കൃഷി ചെയ്യാം. വിപണിയിൽനിന്ന് സംസ്കരിക്കാത്ത മണ്ണും വളവുമെല്ലാം വാങ്ങി കൃഷി ചെയ്താൽ കീടങ്ങൾ ചെടിയെ നശിപ്പിക്കും. ഇതോടെ പലർക്കും കൃഷിയോടുള്ള താൽപര്യവും ഇല്ലാതാകും. അതിനാൽ മണ്ണും വിത്തും വളവും തിരഞ്ഞെടുക്കുന്നത് കരുതലോടെയായാൽ കൈനിറയെ ഫലം ലഭിക്കും.

∙ വിത്ത്

നാട്ടിൽനിന്നാണ് പലരും വിത്ത് കൊണ്ടുവരുന്നത്. പ്രാദേശിക മാർക്കറ്റിൽ ഹൈ ബ്രിഡ് ഇനം വിത്തുകളും ലഭ്യമാണ്. ഇവിടത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിദേശ വിത്തുകളും പരീക്ഷിക്കുന്നവർ ധാരാളം. എന്നാൽ നാട്ടിൽനിന്നു കൊണ്ടുവരുന്ന വിത്തു ഉപയോഗിച്ച് കൃഷിചെയ്യുമ്പോൾ നൂറുമേനി ഫലം ഉറപ്പാണെന്ന് അനുഭവസ്ഥർ പറയുന്നു.

∙ വിത്ത് മുളപ്പിക്കാം

നാട്ടിലെ അപേക്ഷിച്ച് മരുഭൂമിയിൽ വിത്ത് മുളയ്ക്കാൻ കാലതാമസമുണ്ട്. അതുകൊണ്ടുതന്നെ നേരിട്ട് വിത്തിടുന്നതിന് പകരം മുളപ്പിച്ചിട്ട് പാകുന്നതാകും ഉചിതം. പോട്ടിങ് സോയിലിൽ വിത്തിട്ട് മുളപ്പിക്കാം. വിത്തിനു മുകളിൽ ഒരു സെന്റീമീറ്ററിലധികം മണ്ണു പാടില്ല.

∙ കുറുക്കുവഴി

സ്യൂഡോമോണസ് ലായനിയിൽ 1–2 മണിക്കൂർ വിത്ത് ഇട്ടുവച്ച ശേഷം തുണിയിൽ കെട്ടിവച്ചാൽ പിറ്റേ ദിവസം മുള വരും. അല്ലെങ്കിൽ ഉപയോഗിച്ച ചായപ്പിണ്ടി രണ്ടോ മൂന്നോ തവണ കഴുകിയെടുത്ത് അതിൽ 8 മണിക്കൂർ വിത്തിട്ടാൽ വേഗത്തിൽ മുളയ്ക്കും. ചായപ്പൊടിയിൽ അടങ്ങിയ രാസവസ്തു കട്ടികൂടിയ വിത്തിനെ മൃദുവാക്കി മുളയ്ക്കാൻ സഹായിക്കുന്നു. നനഞ്ഞ ടിഷ്യുവിൽ വിത്തിട്ട് കുപ്പിയിലിട്ട് വെയിൽ കൊള്ളാത്ത വിധം അടച്ചുവച്ചാലും എളുപ്പത്തിൽ മുളയ്ക്കും.

∙ നനയ്ക്കുന്നത്

വിത്തിട്ട് മുളച്ചു വരുന്നതുവരെ ദിവസേന 200 മില്ലിലീറ്റർ വെള്ളമേ നനയ്ക്കാവൂ. വെള്ളം കെട്ടിനിന്നാൽ വിത്ത് ചീഞ്ഞുപോകും. രണ്ടില വന്നാൽ സൗരോർജം സ്വീകരിച്ച് മണ്ണിൽനിന്ന് വളം എടുത്തുതുടങ്ങും. മൂന്നാമത് ഇല വന്ന ശേഷം ചെറിയ തോതിൽ വളം നൽകാം. പിന്നീട് ചെടി വളരുന്നതിന് ആനുപാതികമായി ഇടയ്ക്കിടെ വളം ചേർക്കാം.

∙ ശീതകാല പച്ചക്കറി

തക്കാളി, പയർ, പാൽ, വെണ്ട, വഴുതന, മത്തൻ, കുമ്പളം, കക്കിരി, ചീര, പടവലം, ചുരയ്ക്ക, പച്ചമുളക്, ബീൻസ്, കാപ്സികം, കാരറ്റ്, ബീറ്റ് റൂട്ട്, ബ്രക്കോളി, കോളിഫ്ലവർ, കാബേജ്, സവാള, വെളുത്തുള്ളി തുടങ്ങി 30ഓളം പച്ചക്കറികൾ ശീതകാല വിളകളായി ഉൽപാദിപ്പിക്കാം.

∙ വെള്ളം പാഴാക്കരുത്

ഫ്ലാറ്റ് കൃഷിയാണെങ്കിൽ വീട്ടിൽ അരി, പച്ചക്കറി, മത്സ്യം, മാംസം എന്നിവ കഴുകുന്ന വെള്ളം ശേഖരിച്ചുവച്ചാൽ കൃഷിക്ക് ധാരാളമായി. പച്ചക്കറിയും മത്സ്യവും മാംസവുമെല്ലാം അടങ്ങുന്ന അവശിഷ്ടങ്ങൾകൊണ്ട് കംപോസ്റ്റ് വളമുണ്ടാക്കിയാൽ ചെലവും കുറയ്ക്കാം. ഫാമിലാണെങ്കിൽ പൈപ്പ് ലൈനിലൂടെ തുള്ളി നനയും. ഇതിലൂടെ തന്നെ വളവും നൽകും. മികച്ച പരിചരണം നൽകിയാൽ ഏപ്രിൽ വരെ ജൈവ പച്ചക്കറി ലഭിക്കും.

∙ മരുഭൂമിയിലെ കൃഷിപാഠം

നല്ല ചൂടിൽ വിത്തിട്ടാൽ വേഗം മുളയ്ക്കുമെന്നാണ് ജിന്റോയുടെ മരുഭൂമിയിലെ കൃഷിപാഠം. അതുകൊണ്ടുതന്നെ അൽറഹ്ബയിലെ ഫാമിൽ ഓഗസ്റ്റ് അവസാനവാരം വിത്തിട്ടു. ചീര, പയർ, വെണ്ട, തക്കാളി, കൈപ്പയ്ക്ക, ക്യാരറ്റ്, ബീറ്റ് റൂട്ട്, പടവലം എന്നിവയാണ് വിത്തു മുളപ്പിച്ചത്. ഇതിൽ ചീര വിളവെടുപ്പിനു പാകമായി. പയർ പൂവിട്ടുതുടങ്ങി. കൊടുംചൂടിലെ ഈ പരീക്ഷണത്തിന് വൻ പരിചരണം ആവശ്യമാണ്. നേരത്തെ വിത്തിട്ടതിനാൽ വിളവെടുപ്പും വേഗത്തിലാക്കി അടുത്ത കൃഷിയിലേക്കു കടക്കാം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All