മരുഭൂമിയിലെ ‘ബൈക്കിങ്’ കുട്ടിക്കളിയല്ല; എ.ടി.വി ഡ്രൈവർമാർക്ക് നിർദേശവുമായി എച്ച്.എം.സി
ദോഹ: ക്യാമ്പിങ് സീസണിന് തുടക്കമായിരിക്കെ മരുഭൂമിയിൽ സാഹസിക യാത്രകൾക്ക് ഉപയോഗിക്കുന്ന ഓൾ ടെറെയിൻ (എ.ടി.വി) വാഹനങ്ങളുടെ ഡ്രൈവർമാർക്ക് നിർദേശങ്ങളുമായി ഹമദ് മെഡിക്കൽ കോർപറേഷനിലെ ഹമദ് ഇഞ്ചുറി പ്രിവൻഷൻ പ്രോഗ്രാം (എച്ച്.ഐ.പി.പി). ക്വാഡ് ബൈക്കുകളിലോ എ.ടി.വികളിലോ സഞ്ചരിക്കുന്ന റൈഡർമാരും ഡ്രൈവർമാരും അവരുടെ കുടുംബാംഗങ്ങളും സുരക്ഷിതരായിരിക്കാൻ ‘പോകുന്നതിനുമുമ്പ് നിങ്ങൾ അറിയുക’ തലക്കെട്ടിലാണ് എച്ച്.ഐ.പി.പി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ഖത്തർ നാഷനൽ ട്രോമ രജിസ്ട്രിയിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം സീലൈൻ അല്ലെങ്കിൽ മിസഇദ് പ്രദേശങ്ങളിൽ എ.ടി.വി ഉപയോഗിച്ചതിന്റെ ഫലമായി കഴിഞ്ഞ വർഷം 56 പേർക്ക് ഗുരുതരമായതോ അല്ലെങ്കിൽ സാരമായ പരിക്കോ സംഭവിച്ചിട്ടുണ്ട്. ഇതിൽ 40 ശതമാനം പേരും 15 വയസ്സിനു താഴെയുള്ളവരാണ്.
ഓഫ് റോഡ് വാഹനങ്ങൾ ഉപയോഗിച്ചുള്ള സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുടുംബങ്ങൾ തങ്ങളുടെ ക്യാമ്പിങ് സീസൺ സുരക്ഷിതവും പരിക്കുകളിൽനിന്ന് മുക്തമാക്കാൻ സുരക്ഷ മാർഗനിർദേശങ്ങൾ അറിയുകയും നടപ്പാക്കുകയും വേണമെന്ന് ഹമദ് ട്രോമ സെന്റർ ഡോ. റഫയേൽ കൺസുൻജി പറഞ്ഞു.
അധിക ക്വാഡ് ബൈക്കുകളും ഒരാൾക്കുവേണ്ടി മാത്രം രൂപകൽപന ചെയ്തിട്ടുള്ളതാണെന്നും അവയുടെ ഭാരവും ശക്തിയും ഡ്രൈവർമാർ മാത്രമായി കൈകാര്യം ചെയ്യണമെന്നും വ്യക്തമാക്കിയ അദ്ദേഹം, ഒരു എ.ടി.വി സുരക്ഷിതമായി ഓടിക്കുന്നതിന് ഓപറേറ്റർക്ക് മതിയായ കരുത്തും എതിർഭാരവും പരിശീലനവും അനുഭവവും ഉണ്ടായിരിക്കണമെന്നും അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.