• Home
  • News
  • കവളപ്പാറയിലെ ഉരുൾപൊട്ടലിൽ പോറൽ ഏൽക്കാതെ ഈ 8 വീടുകൾ
kavalappara

കവളപ്പാറയിലെ ഉരുൾപൊട്ടലിൽ പോറൽ ഏൽക്കാതെ ഈ 8 വീടുകൾ

കവളപ്പാറ (മലപ്പുറം) : വ്യാഴം രാത്രി എട്ടിന് കവളപ്പാറഉരുൾപൊട്ടലിൽ വിണ്ടുകീറിയ മുത്തപ്പൻകുന്നിന്റെ മുകൾഭാഗം ചെളിയുടെ പുഴപോലെ താഴേക്കു കുത്തിയൊഴുകി. വഴിയിലെ സകല വീടുകളെയും തുടച്ചുനീക്കി മുന്നേറിയ ഉരുൾ പകുതിവഴി പിന്നിട്ടപ്പോൾ രണ്ടായിപ്പിരിഞ്ഞു. നടുവിൽ ഒരു തുരുത്തിനെ മാത്രം അവശേഷിപ്പിച്ച് വീണ്ടും കൂടിച്ചേർന്നു പരന്നൊഴുകി.ജീവന്റെ ഒറ്റത്തുരുത്തായി മാറിയ ആ പ്രദേശത്തായിരുന്നു നെടിയകാലായിൽ പുഷ്പയുടേതടക്കം 8 വീടുകൾ. സംഭവസമയത്ത് പുഷ്പയും ഭർത്താവ് സുനിലും പത്തുവയസ്സുകാരനായ മകൻ ധനുഷും വീട്ടിലുണ്ടായിരുന്നു. മുന്നോട്ടോ വശങ്ങളിലേക്കോ ഓടിയിരുന്നെങ്കിൽ ഉരുണ്ടിറങ്ങിയ ദുരന്തം ഇവരെയും പിടികൂടുമായിരുന്നു. ദുരിതാശ്വാസക്യാംപിലിരുന്ന് പുഷ്പ ആ രാത്രി ഓർത്തെടുത്തു: ‘‘രാത്രി വീട്ടിലിരിക്കുമ്പോഴാണ് കുന്നിനുമുകളിൽ വലിയ ശബ്ദം കേട്ടത്. ഒപ്പം ചെളിയും വെള്ളവും താഴേക്കൊഴുകിയെത്തി. ഓടിക്കോ എന്നെല്ലാം അലറിവിളിക്കുന്നത് കേൾക്കാമായിരുന്നു. ഞങ്ങളും വീട്ടിൽനിന്നിറങ്ങിയോടി.

അധികം മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. മുന്നിലെ തോട് നിറഞ്ഞുകവിഞ്ഞിരുന്നു. വീടിന്റെ വശങ്ങളിലൂടെ ഭയങ്കര ശബ്ദത്തോടെ മണ്ണ് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. ഇരുട്ടിൽ ഒന്നും കാണാൻ കഴിയുന്നുമില്ല. വശങ്ങളിൽനിന്ന് ചെളിയും വെള്ളവും ഞങ്ങൾ നിന്ന ഭാഗത്തേക്ക് അടിച്ചു കയറി. പിന്നിൽ വീടുനിൽക്കുന്ന ഭാഗത്തു മാത്രമാണ് പ്രശ്നമില്ലാതെ കണ്ടത്. ഞങ്ങൾ തിരിഞ്ഞോടി. രാത്രി വീടിനു സമീപം ഭയന്നു വിറച്ച് ഉറങ്ങാതിരുന്നു.’’

Entertainment

Business