യുഎഇയിൽ മഴ മാറി; ബേസ്മെന്റിലെ വാഹനങ്ങൾ ഇപ്പോഴും വെള്ളത്തിൽ, കെടുതികൾ ബാക്കി
ദുബായ് ∙ മഴ മാറിയിട്ടും മഴക്കെടുതി മാറാതെ ജനങ്ങൾ. കെട്ടിടങ്ങളുടെ ബേസ്മെന്റിലെ പാർക്കിങ്ങിലെ വെള്ളം ഇനിയും ഇറങ്ങിയിട്ടില്ല. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതു പുറത്തിറക്കാനും കഴിഞ്ഞിട്ടില്ല. മഴയ്ക്കിടെ പല സ്ഥലങ്ങളിലും പൈപ്പുകൾ പൊട്ടിയും വെള്ളം കയറി. കെട്ടി കിടക്കുന്ന വെള്ളം നീക്കാൻ രാപകൽ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല.
മഴ പെയ്യുമ്പോൾ വാഹനങ്ങൾ പുറത്തേക്കെടുക്കാൻ കെട്ടിടങ്ങളിലെ സെക്യൂരിറ്റി ജീവനക്കാർ പറയാറുണ്ടെങ്കിലും ഇത്തവണ അത്തരം അറിയിപ്പുകൾ ലഭിച്ചില്ലെന്നു പലരും പറയുന്നു. അതിരാവിലെ മഴ പെയ്തതും അതിവേഗം ശക്തിപ്രാപിച്ചതും തിരിച്ചടിയായി. റോഡുകളിൽ വെള്ളം നിറയുന്നതു കണ്ട് പലരും വാഹനം പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ബേയ്സ്മെന്റുകൾ മുങ്ങിയിരുന്നു. ചിലർ പാസ്പോർട്ടുകളും പഴ്സും ലാപ്ടോപ്പുകളും വരെ കാറുകളിൽ സൂക്ഷിച്ചിരുന്നു. വാഹനങ്ങളുടെ കേടുപാടുകൾക്കൊപ്പം ഇത്തരം നഷ്ടങ്ങളും ജനങ്ങൾക്കുണ്ടായി.
വെള്ളം പൂർണമായും ഇറങ്ങിയാലും വർക്ക് ഷോപ്പിൽ നിന്ന് ആളുകൾ എത്താതെ വാഹനങ്ങൾ പുറത്തിറക്കാൻ കഴിയില്ല. ഇൻഷുറൻസ് കവറേജ് ലഭിക്കാൻ വാഹനത്തിന്റെ ഫോട്ടോയും വെള്ളപ്പൊക്കത്തിന്റെ ചിത്രവും എടുത്തു സൂക്ഷിച്ചിട്ടുണ്ടെന്ന് ഉടമകൾ പറഞ്ഞു. പല കെട്ടിടങ്ങളിലെയും ലിഫ്റ്റുകളും പണിമുടക്കി. റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസമായി താമസക്കാരുടെ പരാതിപ്രളയമാണ്. നഗരത്തിലെ ഒരു കെട്ടിടത്തിൽ മാത്രം 38 വാഹനങ്ങൾ രണ്ടു ദിവസമായി വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. അതേസമയം, പൊതുനിരത്തിലെ വെള്ളക്കെട്ടുകൾ മാറ്റാൻ ഇടവേളയില്ലാതെ 24 മണിക്കൂറും സേവനവുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്തുണ്ട്. ശുചീകരണ തൊഴിലാളികൾക്ക് പുറമെ പോർട്ടബിൾ ടാങ്കുകളും പമ്പുകളും ട്രക്കുകളും ഉപയോഗിച്ചാണ് നഗര ജീവിതം സാധാരണ നിലയിലെത്തിക്കാൻ ശ്രമിക്കുന്നത്.
സഹായത്തിന് വിളിക്കാം
നഗരത്തിൽ എവിടെ വെള്ളക്കെട്ടുകൾ കണ്ടാലും അടിയന്തര സഹായത്തിനായി 800900 എന്ന നമ്പറിൽ വിളിക്കാമെന്ന് നഗരസഭ അറിയിച്ചു. കാലാവസ്ഥ വ്യതിയാനവും വെള്ളക്കെട്ടുകളും കാരണം മിതമായ വേഗത്തിൽ വാഹനമോടിക്കണമെന്ന് ദുബായ് പൊലീസും അറിയിച്ചു. അടിയന്തര സഹായത്തിന് 999 നമ്പറിലും മറ്റ് സഹായങ്ങൾക്ക് 901 നമ്പറിലും പൊലീസിനെ ബന്ധപ്പെടാം.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.