സുവർണ സ്മരണകൾക്ക് ഒരു വയസ്
2022 ഡിസംബർ 19
പതിറ്റാണ്ടിലേറെ വർഷങ്ങളായി കാത്തിരുന്ന ലോകകപ്പ് ഫുട്ബാൾ കിരീട ധാരണത്തിന്റെ പിറ്റേ ദിനം. പൂരം കഴിഞ്ഞ പറമ്പുപോലെയായിരുന്നു ലോകകപ്പ് നഗരി. 12 വർഷത്തിലേറെയായി ഓരോ സ്വദേശി മുതൽ മലയാളികൾ ഉൾപ്പെടെ പ്രവാസികളും ഇതര ഗൾഫ് രാജ്യക്കാരുമെല്ലാം സ്വപ്നംകണ്ട ഉത്സവനാളുകൾ പെയ്തൊഴിഞ്ഞതിന്റെ ശൂന്യത. സ്വർണക്കൂടുപോലെ തലയുയർത്തി നിന്ന ലുസൈൽ സ്റ്റേഡിയത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അണിയിച്ച സ്വർണക്കരയുള്ള ബിഷ്തണിഞ്ഞ്, സ്വർണക്കപ്പുയർത്തി നിൽക്കുന്ന ലയണൽ മെസ്സിയും കൂട്ടുകാരും സമ്മാനിച്ച മുഹൂർത്തത്തോടെ ലോകകപ്പ് എന്ന സമ്മോഹന സംഗമം അരങ്ങൊഴിഞ്ഞുപോവുകയായിരുന്നു.
പിന്നെ, ഓരോ പ്രവാസിയുടെയും സ്വദേശിയുടെയും മനസ്സും ശൂന്യമായ ആഘോഷത്തെരുവുപോലെയായി. പല ദേശക്കാരുടെ പാട്ടുകളും വേഷങ്ങളുമായി ആരവം നിറഞ്ഞ മെട്രോകളിൽ, രാത്രിയും പകലും വ്യത്യാസമില്ലാതെ അർജൻറീനക്കാരനും ബ്രസീലുകാരനും ജപ്പാൻകാരനും മൊറോക്കോക്കാരനുമെല്ലാം സംഗമിച്ച സൂഖ് വാഖിഫിൽ, തിരക്കൊഴിയാത്ത ദോഹ കോർണിഷിലും ലുസൈൽ ബൊളെവാഡിലും, ഗാലറിയുടെതെന്ന പോലെ ആരവംകൊണ്ട് വിസ്മയിപ്പിച്ച അൽ ബിദ പാർക്കിൽ, ഒട്ടേറെ ഫാൻ സോണുകളിൽ അങ്ങനെ എല്ലായിടത്തും ലോകകപ്പ് സമ്മാനിച്ച നല്ല നാളുകളെ തേടുകയായിരുന്നു ഓരോ പ്രവാസിയും.
ബാനറുകളും തോരണങ്ങളും അലങ്കാരങ്ങളുമായി നിറഞ്ഞ തെരുവോരങ്ങളുടെ ഓർമകളെല്ലാം ലോകകപ്പിന്റെ ഗൃഹാതുരത്വമുണർത്തുന്നു. എല്ലാം ഇന്നലെ കഴിഞ്ഞെന്ന പോലെ... ഓർമകളിൽ താലോലിക്കുന്ന ലോകകപ്പിന്റെ സ്മരണകൾക്ക് ഒരു വയസ്സായിരിക്കുന്നു. നാളുകളെണ്ണി കാത്തിരുന്ന്, ആഘോഷിച്ചു തീർത്ത ലോകകപ്പിന്റെ ഓർമച്ചിത്രങ്ങളിലാണ് ഇന്നും ഖത്തറിലെ മലയാളികൾ ഉൾപ്പെടെ പ്രവാസികളുടെ ജീവിതം.
2010 മുതൽ 2022 വരെ
ഒരു വ്യാഴവട്ടക്കാലം, കാത്തുവെച്ച്, കഠിനാധ്വാനം ചെയ്ത് പടുത്തുയർത്തിയ സ്വപ്നങ്ങൾക്കായിരുന്നു 2022 നവംബർ 20ന് വൈകീട്ട് ഏഴുമണിക്ക് അൽ ബെയ്ത് സ്റ്റേഡിയത്തിൽ തിരിതെളിഞ്ഞത്. ആതിഥേയരായ ഖത്തറും തെക്കനമേരിക്കൻ സംഘമായ എക്വഡോറും മാറ്റുരച്ച ഉദ്ഘാടന മത്സരത്തിന് മുമ്പ് മോർഗൻ ഫ്രീമാനും ഖത്തറിന്റെ വേൾഡ് കപ്പ് അംബാസഡർ ഗാനിം അൽ മുഫ്തയും അൽ ബെയ്തിലെ മുറ്റത്ത് കൈനീട്ടിപ്പിടിച്ച് ഒരുമിച്ച നിമിഷം. വർണ വിവേചനത്തിനും വംശീയതക്കും, തൊട്ടുകൂടായ്മകൾക്കുമെതിരെ വിശുദ്ധ ഖുർആനിലെ വചനങ്ങൾ പാരായണം ചെയ്ത് ഇരുവരും ലോകവുമായി സംവദിച്ചുകൊണ്ട് ആ സ്വപ്നത്തിന് കിക്കോഫ് കുറിച്ചു.
2010 ഡിസംബർ രണ്ടിന് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് നടന്ന വോട്ടിങ്ങിൽ അമേരിക്കയെ പിന്തള്ളി ഖത്തർ വേദിയായി തിരഞ്ഞെടുക്കപ്പെട്ടത് മുതലുള്ള ഒരുക്കങ്ങളുടെ കൊട്ടിക്കലാശത്തിനായിരുന്നു നവംബർ 22ന് അൽബെയ്ത് വേദിയായത്. എട്ടു ലോകോത്തര സ്റ്റേഡിയങ്ങൾ, സ്റ്റേഡിയങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ ശൃംഖല, കോർണിഷും ലുസൈൽ ബൊളെവാഡും ഉൾപ്പെടെ ആഘോഷ കേന്ദ്രങ്ങൾ, 75 കിലോമീറ്ററിനുള്ളിൽ എല്ലാ മത്സരങ്ങളും, തൊട്ടുചേർന്ന് ടീമുകളുടെ താമസങ്ങൾ... അങ്ങനെ എന്തുകൊണ്ടും ചരിത്രമായി മാറിയ വേൾഡ് കപ്പിലൂടെ ഖത്തർ അതിശയിപ്പിച്ചു. ഗാലറി നിറച്ച ഇന്ത്യക്കാർ
ഗാലറി നിറച്ച ഇന്ത്യക്കാർ
ലോകകപ്പ് കിക്കോഫ് വിസിൽ മുഴക്കത്തിന് ഏതാനും ദിവസങ്ങൾ മുമ്പായിരുന്നു ‘ഗൾഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിൽ ലോകകപ്പ് സി.ഇ.ഒ നാസർ അൽ ഖാതിർ ടൂർണമെന്റിനെ ഇന്ത്യക്കാരുടേത് കൂടിയാണെന്ന് വിശേഷിപ്പിച്ചത്. പെയ്ഡ് ഫാൻസ് എന്ന് പടിഞ്ഞാറൻ മാധ്യമങ്ങളുടെ വിമർശനത്തിനുള്ള മറുപടിയായി, ഇന്ത്യൻ ആരാധകരെ സംഘാടകരും ഫിഫയും നെഞ്ചോടു ചേർത്തു. ആതിഥേയരായ ഖത്തറിനും അയൽക്കാരായ സൗദിക്കും ഫുട്ബാൾ രാജ്യങ്ങളായ അർജന്റീന, മെക്സിക്കോ, ഫ്രാൻസ്, ബ്രസീൽ രാജ്യക്കാർക്കൊപ്പം ടിക്കറ്റുകൾ വാങ്ങിക്കൂട്ടിയ ആദ്യ പത്തിൽ ഇന്ത്യൻ ആരാധകരുമുണ്ടായിരുന്നു. ഖത്തർ മുതൽ അർജന്റീന വരെ പ്രിയപ്പെട്ട ടീമുകൾക്കായി അവർ കൈയടിച്ചു. വളന്റിയർ കുപ്പായത്തിൽ, സ്റ്റേഡിയങ്ങളുടെയും മറ്റും നിർമാണത്തിൽ തൊഴിലാളികളായി, ലോകകപ്പ് സംഘാടന ചുമതലയിൽ പ്രഫഷനലുകളായി അങ്ങനെ എല്ലായിടത്തും ഇന്ത്യൻ സാന്നിധ്യം ശ്രദ്ധേയമായി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.