• Home
  • News
  • ദുബായ് എക്സ്പോ; അറിയാം ഭാവിയിലെ ചികിത്സ
dubai expo

ദുബായ് എക്സ്പോ; അറിയാം ഭാവിയിലെ ചികിത്സ

ദുബായ്: 2020 ദുബായ് എക്സ്പോയിൽ ചികിത്സാരംഗത്തെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് അറിയാൻ അവസരമൊരുക്കും. ഇതിന്റെ ഭാഗമായി എക്സ്പോ വേദിയോട് അനുബന്ധിച്ചുള്ള ദുബായ് എക്സിബിഷൻ സെന്ററിൽ (ഡിഇസി) 9 മെഡിക്കൽ കോൺഫറൻസ് സംഘടിപ്പിക്കും. റോബട്ടിക്സ്, നിർമിതബുദ്ധി, ഇവ ഉപയോഗിച്ചുള്ള ശസ്ത്രക്രിയകൾ തുടങ്ങിയവയെ അടിസ്ഥാനമാക്കി സമ്മേളനവും പ്രദർശനവും ഉണ്ടാകും.

dubai expo

. ചികിത്സാമേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ മനസ്സിലാക്കാൻ ആരോഗ്യ വിദഗ്ധർക്കും സാധാരണക്കാർക്കും അവസരം ലഭിക്കും.യുഎഇയിൽ ശസ്ത്രക്രിയകൾക്കും ഫാർമസികളിൽ മരുന്നു നൽകാനും റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ പേടിമാറ്റാനും സന്തോഷിപ്പിക്കാനും കഴിയുന്ന റോബട്ടുകളെ അവതരിപ്പിച്ച ദിബ്ബ ആശുപത്രിയിലെ പദ്ധതി കൂടുതൽ ആശുപത്രികളിൽ നടപ്പാക്കാനൊരുങ്ങുകയാണ്.

3ഡി പ്രിന്റിങ് ശിൽപശാല

3ഡി പ്രിന്റിങ്, വെർച്വൽ റിയാലിറ്റി എന്നിവയെക്കുറിച്ചും സമ്മേളനങ്ങളും ശിൽപശാലകളും ഉണ്ടാകും. 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് റോബട്ടുകളെ വരെ തയാറാക്കാം. മെഡിറ്റേറിയൻ കോൺഫറൻസ് ഓർഗനൈസിങ്ങിന്റെ (എംസിഒ) ആഭിമുഖ്യത്തിലാണു പരിപാടി.

പുതുമകളോടെ ഡിഇസി

മെഡിക്കൽ കോൺഫറൻസിന് വേദിയാകാൻ ഒരുങ്ങുന്ന ദുബായ് എക്സിബിഷൻ സെന്റർ (ഡിഇസി) സമ്മേളനങ്ങൾക്കും ചർച്ചകൾക്കും പ്രദർശനമേളകൾക്കും വേദിയാകുന്ന കൂറ്റൻ ബഹുനില സമുച്ചയമാണ്. സന്ദർശകർക്കു 3ഡി ദൃശ്യാനുഭവമൊരുക്കാനും സൗകര്യമുണ്ടാകും. എക്സ്പോ വേദിക്കു സമീപം 45,000 ചതുരശ്രമീറ്ററിൽ ഒരുങ്ങുന്ന ഡിഇസിയിൽ തിയറ്റർ, ഓഡിറ്റോറിയം, സമ്മേളന ഹാളുകൾ, 24 ചർച്ചാവേദികൾ, ഉല്ലാസമേഖലകൾ എന്നിവയുണ്ടാകും. അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന് അടുത്തായതിനാൽ  സന്ദർശകർക്കു കൂടുതൽ സൗകര്യമാകും. പുതിയ മെട്രോ പാതയായ റൂട്ട് 2020 വഴിയും എത്താനാകും. എക്സ്പോയ്ക്കു ശേഷം ഉച്ചകോടികൾക്കും മറ്റുമുള്ള പ്രധാനവേദിയായി  ഡിഇസിയെ ഉപയോഗപ്പെടുത്തും.