• Home
  • News
  • നൂറുകണക്കിന് ജീവനക്കാരെ വഴിയാധാരമാക്കി ആശുപത്രിയുടമയായ മലയാളി യുഎയിൽ നിന്ന് മുങ്
uae hospital

നൂറുകണക്കിന് ജീവനക്കാരെ വഴിയാധാരമാക്കി ആശുപത്രിയുടമയായ മലയാളി യുഎയിൽ നിന്ന് മുങ്ങി

അൽഐൻ:മലയാളിയായ ആശുപത്രി ഉടമ യുഎഇയിൽ നിന്ന് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ഉള്ള നൂറുകണക്കിന് ജീവനക്കാരെ വഴിയാധാരമാക്കി കടന്നതായി പരാതി. വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന അൽഐനിലെ പ്രശസ്തമായ ആശുപത്രിയുടെ ഉടമയാണ് മൂന്ന് മുതൽ എട്ട് മാസത്തോളം ശമ്പള കുടിശ്ശിക നൽകാതെ രണ്ടാഴ്ച മുൻപ് നാട്ടിലേയ്ക്ക് പോയതെന്നും ഇദ്ദേഹം തിരിച്ചു വരുമെന്ന് പ്രതീക്ഷയില്ലെന്നും കാണിച്ച് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും സംയുക്തമായി അധികൃതർക്ക് പരാതി നൽകി. 50 ഡോക്ടർമാരും നൂറ്റമ്പതോളം നഴ്സുമാരും 170 ലേറെ മറ്റു ജീവനക്കാരും വർഷങ്ങളായി ഈ ആശുപത്രിയിൽ ജോലി ചെയ്യുന്നു. ഡോക്ടർമാരിൽ കൂടുതലും മലയാളികളാണ്. നഴ്സുമാരിൽ മുപ്പതോളം പേർ മലയാളികളും ബാക്കിയുള്ളവർ അറബ്, ഫിലിപ്പീൻസ് സ്വദേശികളുമാണ്.

uae hospital

എട്ടു മാസം മുൻപാണ് ശമ്പളം മുടങ്ങി തുടങ്ങിയത്. ഇടയ്ക്ക് പലരുടെയും 2500 ദിർഹം അടിസ്ഥാന ശമ്പളം 800 ദിർഹമായി വെട്ടിക്കുറക്കുകയും ചെയ്തു. എന്നാൽ, ഇതിൽ പ്രതിഷേധമുണ്ടായിരുന്നുവെങ്കിലും ആരും കാര്യമായി പരാതിപ്പെട്ടിരുന്നില്ല. പിന്നീട്, മുഴുവൻ ശമ്പളത്തിന് പകരം ചെറിയ സംഖ്യകൾ പലർക്കും കൊടുത്തുതുടങ്ങി. ഒടുവിൽ ഇതും മുടങ്ങാൻ തുടങ്ങിയതോടെ പ്രശ്നങ്ങളും ആരംഭിച്ചു. ശമ്പളം മുടങ്ങിയതോടെ തങ്ങളും കുടുംബവും നിത്യച്ചെലവിന് വഴിയില്ലാതെ ദുരിതത്തിലായതായി മലയാളി ഡോക്ടർമാരും നഴ്സുമാരും പരാതിപ്പെട്ടു.തനിക്കും ഇതേ ആശുപത്രിയിൽ നഴ്സായ ഭാര്യക്കും കൂടി 60,000 ദിർഹം വരെ ശമ്പള കുടിശ്ശികയുണ്ടെന്ന് ഇവിടെ മെയിൽ നഴ്സായ മലയാളി പറഞ്ഞു. രണ്ടുപേരും വയോധികരായ മാതാപിതാക്കളടങ്ങുന്ന നാട്ടിലെ കുടുംബത്തിന്റെ ആശ്രയമാണ്. അവരുടെ നിത്യച്ചെലവും ചികിത്സയുമെല്ലാം പ്രതിസന്ധിയിലായി. ഇക്കാര്യങ്ങളെല്ലാം ഉടമയോട് ഏറെ തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. ഡോക്ടർമാരിൽ പലർക്കും രണ്ട് ലക്ഷം വരെ ലഭിക്കാനുണ്ട്. ഇതിനിടയ്ക്ക് മൂന്നാഴ്ച മുൻപാണ് ഉടമ സ്ഥലം വിട്ടത്.

ജീവനക്കാർ ആശുപത്രി മാനേജർമാരെ സമീപിച്ചപ്പോൾ, തങ്ങൾ നിസ്സഹായരാണെന്നും തങ്ങൾക്കും ശമ്പളം ലഭിക്കാനുണ്ടെന്നുമായിരുന്നു മറുപടി. ഒടുവിൽ എല്ലാവരും ചേർന്ന് ലേബർ കോടതിയെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. പരാതിപ്രകാരം കഴിഞ്ഞ ദിവസം പൊലീസും ലേബർ വിഭാഗം ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി അന്വേഷണം നടത്തി. ആശുപത്രി കെട്ടിടം മറ്റൊരു വ്യക്തിയുടേതായതിനാൽ തത്കാലം പൂട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ ഡോക്ടർമാരും മറ്റും കൃത്യമായി ഡ്യൂട്ടിക്കെത്തുന്നുണ്ട്. എന്നാൽ, ശമ്പള കുടിശ്ശികയെക്കുറിച്ച് ആരിൽ നിന്നും കൃത്യമായ മറുപടി ലഭിക്കാത്തതിൽ ജീവനക്കാർ ആശങ്കയിലാണ്. ഇന്ത്യക്കാരുടെ ശമ്പള കുടിശ്ശിക കാര്യത്തിൽ ഇന്ത്യൻ എംബസി ഇടപെടണമെന്ന് മലയാളി ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവർ ആവശ്യപ്പെട്ടു.

Related News