• Home
  • News
  • ക്രെഡിറ്റ് കാർഡ് ബാധ്യത; സൂക്ഷിക്കു ഇല്ലെങ്കിൽ കുടുങ്ങും
credit card dubai

ക്രെഡിറ്റ് കാർഡ് ബാധ്യത; സൂക്ഷിക്കു ഇല്ലെങ്കിൽ കുടുങ്ങും

ദുബായ്: ദുബൈയിലെ മലയാളികളുൾപ്പെടെ ഉള്ളവർക്ക് കുരുക്കായി ക്രെഡിറ്റ് കാർഡുകൾ. കൃത്യമായി പണം തിരച്ചടയ്ക്കാതെ കുടിശിക പെരുകി കുടുക്കിലാകുന്നവരിൽ മലയാളികളുമേറെ. ബാധ്യത കൂടി ചിലർ വിട്ടുവീഴ്ചയ്ക്കായി ബാങ്കിനെ സമീപിക്കുമ്പോൾ മറ്റു ചിലർ രാജ്യത്തുനിന്നു മുങ്ങും. ഒരു കാർഡിന്റെ ബാധ്യത തീർക്കാൻ മറ്റൊരു ബാങ്കിൽ നിന്നുകൂടി ക്രെഡിറ്റ് കാർഡ് എടുത്ത് രണ്ടും തിരിച്ചടയ്ക്കാത്തവരുമുണ്ട്.

credit card dubai

ആവിശ്യമായ ആസൂത്രണമില്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതാണ് പലരും കടക്കെണിയിലാകാൻ കാരണം. കാർഡ് ഉപയോഗിക്കാം. പക്ഷേ, നിശ്ചിത സമയത്തിനകം അടച്ചു തീർക്കണം. പലരും ആർഭാടങ്ങൾക്കായി പരിധിവിട്ട് കാർഡ് ഉപയോഗിക്കുന്നതാണ് ബാധ്യതയാകുന്നതെന്ന് ബാങ്കിങ് വൃത്തങ്ങൾ പറയുന്നു.

പിടി പുറകെ വരും

കാർഡിൽ കുടിശിക വരുത്തി നാട്ടിലേക്കു മുങ്ങിയാലും രക്ഷയില്ല. ഓരോ ബാങ്കിനും നാട്ടിൽ ഏജൻസികളുണ്ട്. അവർ അന്വേഷണം നടത്തും. കുടിശിക വരുത്തുന്നവർ ഫോൺ ചെയ്താൽ എടുക്കില്ലെന്നു ബാങ്ക് ജീവനക്കാർ പറയുന്നു. ഇതു പ്രശ്നം സങ്കീർണമാക്കാൻ ഇടയാക്കും. കൃത്യമായി മറുപടി നൽകി കാര്യങ്ങൾ ബോധ്യപ്പെടുത്തണം. വിശ്വാസ്യത നഷ്ടപ്പെടുത്തിയാൽ ബാങ്കുകൾ നിയമ നടപടികളിലേക്കു നീങ്ങും. ബാങ്ക് അധികൃതരുമായി നേരിൽ സംസാരിച്ചാൽ തുകയിൽ ഇളവുകൾ ലഭിച്ചേക്കാം.

മറക്കരുത്

ബാധ്യതകൾ തീർത്തു കഴിഞ്ഞാൽ ബാങ്കിൽ നിന്നു ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങണം. കുടിശിക വരുത്തി നാട്ടിലേക്കു പോയവർക്കെതിരെ ബാങ്ക് പരാതി നൽകിയിട്ടുണ്ടെങ്കിൽ തിരികെ യുഎഇയിൽ എപ്പോൾ വന്നാലും വിമാനത്താവളത്തിൽ പിടിവീഴും. ഇത്തരം സാഹചര്യങ്ങൾ നാട്ടിൽ വച്ചുതന്നെ ഒഴിവാക്കാനാകും. വിശ്വസ്തനായ ഒരാൾക്ക് യുഎഇയിൽ പവർ ഓഫ് അറ്റോർണി നൽകി ബാങ്കുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കാം. ബാധ്യത തീർത്താലുടൻ അതു സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ് ബാങ്കിൽ നിന്നു വാങ്ങുകയും വേണം.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നേട്ടം പലവിധം

കൃത്യമായി ആസൂത്രണം ചെയ്താൽ ക്രെഡിറ്റ് കാർഡ് ഏറെ സഹായകമാണ്. പല ബാങ്കുകളും ഇടപാടുകാർക്ക് ബോണസ് പോയിന്റുകളടക്കം ധാരാളം ഓഫറുകൾ നൽകാറുമുണ്ട്. ചില കാർഡ് ഉപയോഗിച്ച് എയർപോർട്ട് ലോഞ്ചുകളിൽ നിന്നു സൗജന്യമായി ഭക്ഷണം കഴിക്കാം.

കാർഡ് ഉപയോഗിച്ച് ‘ക്വിക് കാഷ്’ ആയി പണം കടമെടുക്കാനും സംവിധാനമുണ്ട്. തവണകളായി തിരിച്ചടച്ചാൽ മതി. ചില ബാങ്കുകൾ ഇതിനു പലിശ ഈടാക്കാറില്ല.

ഓർത്താൽ നന്ന്

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 2 തീയതികൾ എപ്പോഴും ഓർമ വേണം. ബില്ലിങ് ഡേറ്റ്, പേയ്മെന്റ് ഡേറ്റ്. ഒരു കാർഡിന്റെ ബില്ലിങ് ഡേറ്റ് 25ഉം പേയ്മെന്റ് ഡേറ്റ് അടുത്തമാസം 5 ഉം ആണെങ്കിൽ 24 വരെ സാധനം വാങ്ങിയതിന്റെ ബിൽ 25ന് വരും. അത് 5നുള്ളിൽ അടയ്ക്കണം.26നു സാധനം വാങ്ങിയതിന്റെ ബിൽ അടുത്തമാസം 25ന്റെ ബില്ലിലേ വരൂ. കുറഞ്ഞ തുക അടച്ച് ബാക്കി വായ്പയായി നിലനിർത്താൻ സൗകര്യം ലഭിക്കുമെങ്കിലും ഓരോ മാസവും നൽകേണ്ടിവരുന്ന പലിശ നിസ്സാരമായിരിക്കില്ല.