• Home
  • News
  • ദോഹയിലെ ഗതാഗതം സുഗമമാക്കാൻ 2 ഇന്റർചേഞ്ചുകൾ തുറന്നു
ras al nauf interchange

ദോഹയിലെ ഗതാഗതം സുഗമമാക്കാൻ 2 ഇന്റർചേഞ്ചുകൾ തുറന്നു

ദോഹ:ഖത്തർ പൊതുമരാമത്ത് വകുപ്പിന്റെ (അഷ്ഗാൽ) പ്രധാന പദ്ധതികളിലൊന്നായ അൽഖോർ റോഡ് പദ്ധതിയുടെ 92% നിർമാണ ജോലികളും പൂർത്തിയായി. പദ്ധതിയുടെ ഭാഗമായ റാസ് അൽ നൗഫ്, ടിൻബക് ഇന്റർചേഞ്ചുകൾ ഗതാഗതത്തിനായി തുറന്നു. 2020 രണ്ടാം പാദത്തിൽ പദ്ധതി പൂർത്തീകരിക്കും. അൽഖോർ നഗരത്തിന്റെ പ്രവേശനകവാടത്തിലാണ് റാസ് അൽ നൗഫ് ഇന്റർചേഞ്ച്. ഇരു ദിശകളിലേക്കും രണ്ടുവരി പാതകളുണ്ട്. അൽഖോർ റോഡിലെ എക്‌സിറ്റ് 47 ലാണ് ടിൻബക് സ്ഥിതി ചെയ്യുന്നത്. അൽഖോർ നഗരത്തിൽ നിന്ന് 7.5 കിലോമീറ്റർ ദൂരം. അൽ ഷമാൽ റോഡിനെയും അൽഖോർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ലിങ്കാണിത്.

ras al nauf interchange

കിഴക്കൻ തീരപ്രദേശങ്ങളുടെ വികസനത്തിനുള്ള പാതയാണ് അൽഖോർ റോഡ് പദ്ധതി. വടക്ക്-കിഴക്കൻ, തെക്ക്-പടിഞ്ഞാറൻ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അൽ ഷമാൽ റോഡിലേക്കുള്ള ഇതര മാർഗം കൂടിയാണിത്. കഴിഞ്ഞ മാർച്ചിലാണ് പദ്ധതിയിലെ 33 കിലോമീറ്റർ പ്രധാന പാത തുറന്നത്. അൽഖോർ മുതൽ ഖത്തർ സർവകലാശാല സ്ട്രീറ്റ് വരെയുള്ള പഴയ റോഡ് നവീകരിച്ച് ഹൈവേയാക്കി. രാജ്യത്തിന്റെ വടക്ക്-കിഴക്കൻ മേഖലകളിലെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതി പൂർണമാകുന്നതോടെ ലുസൈലും മികച്ച നഗരമായി മാറും. കൂടുതൽ നിക്ഷേപങ്ങൾക്കും വ്യവസായങ്ങൾക്കും ലുസൈൽ വേദിയാകും. റിയൽ എസ്‌റ്റേറ്റ്, കാർഷിക മേഖലകൾ പുരോഗമിക്കും. 2022 ലോകകപ്പ് ഫൈനൽ മത്സര വേദി കൂടിയാണ് ലുസൈലിലെ സ്റ്റേഡിയം. നാല് ഇന്റർചേഞ്ചുകൾ, സർവീസ്റോഡുകളുടെ ഭാഗങ്ങൾ, സൈക്കിൾ, കാൽനട പാതകൾ എന്നിവ കൂടി പൂർത്തിയാകുന്നതോടെ അൽഖോർ റോഡ് പദ്ധതി പൂർണമാകും. അൽഖോർ തീര റോഡ് പദ്ധതിയിലെ പ്രധാന കാര്യേജ് വേ അൽഖോറിൽ നിന്നുള്ള യാത്രാ സമയത്തിൽ 65 ശതമാനം വരെ കുറവ് വരുത്തുന്നു.

പുതിയ ഇന്റർചേഞ്ചുകൾ തുറക്കുന്നത് വിവിധ പ്രദേശങ്ങളിലേക്ക് ഗതാഗതം സുഗമമാക്കും. അൽഖോർ നോർത്ത് റോഡ്, റാസ് അൽ നൂൗഫ്, ടിൻബക്, അൽ ബയാത് സ്റ്റേഡിയം, അൽഖോർ എയർഫീൽഡ്, അൽ ഫർകിയ ബീച്ച് എന്നിവിടങ്ങളിലേക്കെല്ലാം വേഗമെത്താം. റാസ് അൽ നൗഫ് ഇന്റർചേഞ്ചിന്റെ പ്രവർത്തനം അൽഖോർ റോഡ് വഴി റാസ് ലഫാനിലേക്ക് വരുന്നവർക്ക് നേരിട്ട് തന്നെ റാസ് ലഫാനിലെത്താൻ സഹായിക്കും. യാത്രാ സമയവും ലാഭിക്കാം. ഗതാഗതം സുഗമമായത് ഈ മേഖലകളുടെ വികസനത്തിനും കാരണമാകും. ടിൻബക് ഇന്റർചേഞ്ച് തുറന്നതോടെ അൽഖോർ, ദോഹ എന്നിവിടങ്ങളിൽ നിന്നും ടിബാക്, അൽ ജെർയാൻ, വടക്കൻ സിമെയ്‌സ്മ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതവും കാര്യക്ഷമമാകും.