ദുരന്തബാധിതരെ സന്ദർശിക്കാൻ മോദി കേരളത്തിൽ; മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു
കൽപറ്റ∙ വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ അദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. ഹെലികോപ്റ്ററിൽ കൽപറ്റയിലെത്തുന്ന അദേഹം റോഡ് മാർഗം ചൂരൽമലയിലേക്ക് പോകും.ദുരന്തത്തെ അതിജീവിച്ച് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി നേരിൽക്കാണും. മേപ്പാടി ആശുപത്രിയിൽ കഴിയുന്ന അരുൺ, അനിൽ, എട്ടുവയസുകാരി അവന്തിക, ഒഡിഷ സ്വദേശി സുഹൃതി എന്നിവരെയാണ് മോദി സന്ദർശിക്കുന്നത്. ചെളിക്കൂനയിൽ അകപ്പെട്ട് മണിക്കൂറുകൾക്കുശേഷം രക്ഷാപ്രവർത്തകർ രക്ഷിച്ചയാളാണ് അരുൺ, നട്ടെല്ലിനു പരുക്കേറ്റ് ചികിത്സയിലാണ് അനിൽ.
മൂന്നു മണിക്കൂറാണ് മോദിയുടെ സന്ദർശന സമയം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ബെയ്‌ലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗത്തിൽ പങ്കെടുക്കുക. ദുരിതബാധിതരുടെ പുനരധിവാസത്തിനു 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.