ബിൽഡിംഗ് പെർമിറ്റ്; ദുബായിൽ അപ്ലിക്കേഷൻ സമാരംഭിച്ചു
ദുബായ് ∙ ബിൽഡിങ് പെർമിറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ദുബായ് മുനിസിപ്പാലിറ്റിയുടെ ദുബായ് ബിൽഡിങ് പെർമിറ്റ്സ് ആപ്ലിക്കേഷൻ നവീകരിച്ചു. കെട്ടിട നിർമാണ അനുമതിക്ക് ആവശ്യമായ വിവരങ്ങൾ, സേവനങ്ങൾ എന്നിവയാണ് ആപ്ലിക്കേഷനിൽ ലഭിക്കുക.
കെട്ടിട ഉടമകൾ, കരാറുകാർ, കൺസൽറ്റന്റുമാർ എന്നിവരുടെ ആവശ്യം മുൻനിർത്തിയുള്ള മാറ്റങ്ങളാണ് ആപ്ലിക്കേഷനിൽ വരുത്തിയിരിക്കുന്നത്. പൂർണമായും റീഡിസൈൻ ചെയ്തതിനാൽ എളുപ്പം ഉപയോഗിക്കാനാകും ആപ്പിന്റെ ഡാഷ്ബോർഡിൽ സ്ഥലം സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ ലഭ്യമാണ്. ദുബായിൽ റജിസ്റ്റർ ചെയ്ത കൺസൽറ്റന്റുമാരെയും കരാറുകാരെയും ആപ്പിലൂടെ തിരയാം. ഇവരുടെ സ്വീകാര്യതയും വിശ്വാസ്യതയും സ്ഥലമുടമയ്ക്ക് ആപ്പിലൂടെ കണ്ടെത്താം. നിലവിൽ അവർ ചെയ്യുന്ന പ്രോജക്ടുകൾ, പൂർത്തീകരിച്ചവ, സേവനം സംബന്ധിച്ചുള്ള അഭിപ്രായം തുടങ്ങിയവ ആപ്പിൽ ലഭിക്കും.
ഇത് വിലയിരുത്തി ഏതു കരാറുകാരനെ ഏൽപ്പിക്കണമെന്ന് തീരുമാനിക്കാം. കെട്ടിട അനുമതിയുമായി ബന്ധപ്പെട്ട ഫീസുകൾ അടയ്ക്കാനും സൗകര്യമുണ്ട്. ദുബായ് പേ വഴിയാണ് ഇതിന് സൗകര്യം ഒരുക്കിയത്. മേഖലയിൽ അംഗീകാരം ലഭിച്ച പ്ലാനുകൾ, കെട്ടിടത്തിൽ കൂട്ടിച്ചേർക്കലുകൾക്ക് ആവശ്യമായ അനുമതി എന്നിവയും ആപ്പിലൂടെ നേടാം.
ആപ്ലിക്കേഷന്റെ ഭാഗമായ പോർട്ടലിൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട നിയമങ്ങൾ, നിയന്ത്രണങ്ങൾ, അറിയിപ്പുകൾ, അടിസ്ഥാനപരമായി വേണ്ട കാര്യങ്ങളുടെ ചെക്ക് ലിസ്റ്റ്, കരാർ കമ്പനികളുടെ വിവരങ്ങൾ, കൺസൽറ്റിങ് ഓഫിസുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ പരിശോധിക്കാം. കെട്ടിട നിർമാണ അനുമതി, ലൈസൻസ് എന്നിവയ്ക്കായി നൽകിയ അപേക്ഷകളുടെ സ്ഥിതി വിവരവും ട്രാക്ക് ചെയ്യാം. എൻജിനീയർമാരുടെ നോട്ടുകൾ, കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഓഫിസുകളിലേക്കുള്ള സന്ദർശനാനുമതി, ബിൽഡിങ് റിപ്പോർട്ട്, പ്രോജക്ട് റിപ്പോർട്ട്, ട്രാൻസാക്‌ഷൻ റിപ്പോർട്ട്, കംപ്ലീഷൻ റേറ്റ് എന്നിവയും ആപ്പിൽ ലഭിക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.