ഒമാനിൽ പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതിയിൽ വർധന
മസ്കത്ത്: രാജ്യത്ത് പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതിയിൽ വൻ വർധന രേഖപ്പെടുത്തി. 11.6 ശതമാനമാണ് വർധന. 2023 മേയ് മുതൽ 2024 മേയ് വരെയുള്ള കാലയളവിലേതാണ് കണക്കുകൾ. പച്ചക്കറി ഇറക്കുമതിയിൽ 44.9 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പഴങ്ങളുടെ ഇറക്കുമതി രണ്ട് ശതമാനത്തോളം കുറഞ്ഞു. പ്രധാനമായും യു.എ.ഇ, യമൻ എന്നിവിടങ്ങളിൽ നിന്നാണ് ഒമാനിലേക്ക് പഴം, പച്ചക്കറി എന്നിവ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിൽ നിന്നും ചെറിയ അളവിൽ എത്താറുണ്ട്. ഇറക്കുമതിയോടൊപ്പം തന്നെ ഒമാനിൽനിന്നുള്ള പഴം, പച്ചക്കറി എന്നിവയുടെ കയറ്റുമതിയിലും വളർച്ചയുണ്ടായി. രാജ്യത്തുനിന്ന് പഴം കയറ്റുമതി ചെയ്യുന്നതിൽ 40.1 ശതമാനം വർധനയുണ്ടായി. ഇത് ആഭ്യന്തര ഉൽപാദനം വർധിക്കുന്നതിനെയും അന്താരാഷ്ട്ര വിപണികളിൽ ഒമാനിന്റെ സാന്നിധ്യം വിപുലീകരിക്കാനുള്ള അവസരങ്ങളെയും സൂചിപ്പിക്കുന്നു. അതേസമയം, പച്ചക്കറികളുടെ പുനർ കയറ്റുമതി കുറഞ്ഞു. ഖത്തറും യു.എ.ഇയുമാണ് ഒമാന്റെ പഴം കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.