കെട്ടിട നിർമാണ ചട്ട ലംഘനം; കണ്ടെത്താൻ എ.ഐ സംവിധാനം
മനാമ: കെട്ടിട നിർമാണ ചട്ടലംഘനങ്ങൾ കണ്ടെത്താൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനം. പുതിയ സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചെന്ന് സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ (എസ്.എൽ.ആർ.ബി) പ്രഖ്യാപിച്ചു.ഉപഗ്രഹ ഇമേജറി, എർത്ത് ഡാറ്റ അനലിറ്റിക്സ് കമ്പനിയായ പ്ലാനറ്റ് ലാബ്സുമായി സഹകരിച്ചാണ് സംവിധാനം പ്രവർത്തിക്കുക. കമ്പനി, മുനിസിപ്പാലിറ്റി കാര്യാലയം, കൃഷി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ എ.ഐ റിപ്പോർട്ടുകൾ നൽകും. ഉയർന്ന മിഴിവുള്ള ഉപഗ്രഹ ചിത്രങ്ങൾ താരതമ്യം ചെയ്ത് ഘടനാപരവും പാരിസ്ഥിതികവും നഗരപരവുമായ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്ന സാങ്കേതിക വിദ്യകളാണ് ഉപയോഗപ്പെടുത്തുന്നതെന്ന് എസ്.എൽ.ആർ.ബി പ്രസിഡന്റ് ബാസിം അൽ ഹമർ പറഞ്ഞു.കൃത്യവും കാര്യക്ഷമവുമായ രീതിയിൽ ചിത്രങ്ങൾ വേഗത്തിൽ പ്രൊസസ് ചെയ്യാനും വിശകലനം ചെയ്യാനും എ.ഐക്ക് കഴിവുണ്ട്. അതുവഴി നിയമലംഘനങ്ങൾ നിരീക്ഷിക്കാനും നടപടി വേഗത്തിലാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കാൻ സാധിക്കുമെന്നതിനു പുറമെ സമയവും പ്രയത്നവും ലാഭിക്കാനും കഴിയും. പുതിയ സംവിധാനം രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമാണ്.നഗര ആസൂത്രണം മെച്ചപ്പെടുത്താനും സാധിക്കും. മാത്രമല്ല പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ ഘടകങ്ങൾ മൂലമുള്ള പ്രകൃതിനാശം നിരീക്ഷിക്കാനും സാധിക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.