അടുത്ത വർഷത്തോടെ ഖത്തറിൽ 'ത്രീ ജി' മൊബൈൽ സേവനങ്ങൾ നിർത്തലാക്കും
ദോഹ ∙ ഖത്തറിൽ 2025 ഡിസംബർ 31-നകം മൂന്നാം തലമുറ മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ (ത്രീ ജി) നിർത്തലാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (സി ആർ എ) മൊബൈൽ സേവന ദാതാക്കൾക്കളെ അറിയിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങളും നൂതന സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ടും ഖത്തറിലെ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനുള്ള സി ആർ എ യുടെ നടപടികളുടെ ഭാഗമായാണ് ത്രീ ജി സേവനങ്ങൾ നിർത്തലാക്കാനുള്ള തീരുമാനം.ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഖത്തറിലെ മൊബൈൽ സേവന ദാതാക്കൾക്കളായ ഉരീദു, വോഡഫോൺ എന്നീ കമ്പനികൾ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ത്രീ ജി സേവനങ്ങൾ അവസാനിപ്പിക്കേണ്ടി വരും. ഫോർ ജി, ഫൈവ് ജി നെറ്റ്‌വർക്കുകളുടെ വികസനത്തിനും വിപുലീകരണത്തിനും കൂടുതൽ നിക്ഷേപം നടത്താൻ രണ്ടു കമ്പനികളെയും അനുവദിക്കും. ഇത് ഖത്തറിൻ്റെ ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ വളർച്ച വർധിപ്പിക്കുകയും എല്ലാ ഉപഭോകതാക്കൾക്കും പ്രയോജനം ലഭിക്കുകയും ചെയ്യും.രാജ്യത്ത് ഫോർ ജി, ഫൈവ് ജി സേവനങ്ങൾ മാത്രമാക്കുന്നതിന്റെ മുന്നോടിയായി ടൂ ജി, ത്രീ ജി സാങ്കേതികവിദ്യകൾ മാത്രം പിന്തുണയ്ക്കുന്ന മൊബൈൽ ഫോണുകളുടെ ഇറക്കുമതി ഉടൻ നിരോധിക്കും. കൂടാതെ പുതിയ സാങ്കേതിക വിദ്യക്ക് ഏറ്റവും അനുയോജ്യമായ ഉപകരണങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്യും. ഫോർ ജി, ഫൈവ് ജി നെറ്റ്‌വർക്കുകൾ വികസിപ്പിക്കുന്നതിലൂടെ ഉയർന്ന ഡേറ്റ വേഗത, കുറഞ്ഞ പ്രതികരണ സമയം, മൊബൈൽ ഡേറ്റ സേവനങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള വലിയ ശേഷി എന്നിവ ലഭ്യമാകും. അതുവഴി ഉപഭോക്താക്കൾക്ക് മികച്ച മൊബൈൽ സേവനം രാജ്യത്ത് ഉറപ്പുവരുത്താൻ സാധിക്കുമെന്നും ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.