ബഹ്‌റൈനിൽ വൻ തട്ടിപ്പ്: തിരുവനന്തപുരം സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം 40ഓളം സ്ഥാപനങ്ങളെ കബളിപ്പിച്ചു
മനാമ∙ തിരുവനന്തപുരം സ്വദേശിയുടെ നേതൃത്വത്തിൽ മലയാളികൾ ഉൾപ്പെട്ട സംഘം , ബഹ്‌റൈനിൽ സ്വകാര്യ കമ്പനിയിലൂടെ വൻ തട്ടിപ്പ് നടത്തി രാജ്യം വിട്ടതായി ആരോപണം . ഈ സംഘം, പല ബിസിനസുകാരുടെയും വിശ്വാസം നേടി, 40-ഓളം സ്ഥാപനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹം വിലയുള്ള സാധനങ്ങൾ വാങ്ങി മറിച്ചു വിറ്റ് തട്ടിപ്പ് നടത്തിയതായി പരാതി ഉണ്ട്. ഒരു സ്ത്രീ ഉൾപ്പെടെ ഏഴോളം പേർ ഈ തട്ടിപ്പിൽ പങ്കാളികളായിരുന്നതായി പറയപ്പെടുന്നു. തട്ടിപ്പിന് ഇരയായ വ്യാപാരികൾ ഇവർക്ക് എതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരുടെ ചതിക്കെണിയിൽ മലയാളികൾ ഉൾപ്പെടയുള്ളവർ അകപ്പെട്ടു.
∙ ആഡംബര ഓഫിസും മാസങ്ങളുടെ ആസൂത്രണവും
സീഫിൽ ഒരു ആഡംബര ഓഫിസ് തുറന്ന് ബിസിനസ് ആരംഭിച്ച മലയാളി സംഘം തട്ടിപ്പനായി മാസങ്ങൾ നീണ്ട ആസൂത്രണമാണ് നടത്തിയത്. ട്രാവൽ, കൺസ്ട്രക്ഷൻ ഉപകരണങ്ങൾ, ഹെവി വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന തരത്തിലുള്ള ഓഫിസാണ് ഇവർ സജ്ജമാക്കിയിരുന്നത്. പല സ്‌ഥാപനങ്ങളുമായും ഇടപാട് ആരംഭിച്ചു കൊണ്ടാണ് ഇവർ കമ്പനിയുടെ പ്രവർത്തനം ആരംഭിച്ചത്. ആദ്യം നല്ല രീതിയിൽ വ്യാപാരം നടത്തി വിശ്വാസം നേടിയെടുക്കും . എന്നാൽ പിന്നീട് പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ നൽകി തുടങ്ങിയ ഇവർ, ഈ ചെക്കുകൾ കൃത്യമായി ബാങ്കിൽ നിന്ന് പണം മാറിയപ്പോൾ കൂടുതൽ വിശ്വാസം നേടി. കൃത്യമായി പേയ്‌മെന്റ് നൽക്കുന്ന സ്‌ഥാപനം എന്നതിനാൽ ബിസിനസ് 'അഭിവൃദ്ധി'പ്പെടുന്നതിനനുസരിച്ച് കൂടിയ തുകയ്ക്കുള്ള പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ പല മേഖലയിലും ഉള്ളവർ സ്വീകരിച്ചു തുടങ്ങി. പത്തു ദിവസത്തേക്ക് വരെയുള്ള പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ നൽകി സാധനങ്ങൾ വാങ്ങിക്കാനുള്ള വിശ്വാസ്യത വരെ ഡീലർമാർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനായതോടെയാണ് കമ്പനി വലിയ കബളിപ്പിക്കലിന് ഒരുക്കം കൂട്ടിയത്. നാൽപ്പതോളം സ്‌ഥാപനങ്ങളിൽ നിന്ന് 5000 ദിനാർ വരെയുള്ള സാധന സാമഗ്രികൾ വാങ്ങിയാണ് ഉടമകൾ സ്‌ഥലം വിട്ടത് .
∙ തട്ടിപ്പിനിരയായത് ഇറച്ചിക്കടകൾ മുതൽ ട്രാവൽ ഏജൻസി വരെ
ഇറച്ചിക്കടകൾ മുതൽ ട്രാവൽ ഏജൻസികൾ വരെ നടത്തുന്ന ബിസിനസ് മേഖലയിൽ ഉള്ളവരെയാണ് ഇവർ കബളിപ്പിച്ചത്. ഇതിൽ ഭൂരിഭാഗവും മൊത്ത വിതരണക്കാരായിരുന്നു.അത് കൊണ്ട് തന്നെ ക്രെഡിറ്റ് ഫോമടക്കമുള്ള കാര്യങ്ങൾ ഒപ്പ് ഇട്ടാണ് പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ സ്വീകരിച്ച്സാധനങ്ങൾ പലരും നൽകിയത്. വാങ്ങിയ സാധനങ്ങൾ മുഴുവൻ ഇവർ ചെറിയ വിലയ്ക്ക് മറ്റു പലയിടങ്ങളിലും വിൽപന നടത്തുകയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത് . ക്രെഡിറ്റ് ചെക്ക് നൽകി മൊത്ത വിതരണസ്‌ഥാപനങ്ങളിൽ നിന്ന് വാങ്ങിയ മാസം അടക്കം ചെറുകിട മാർക്കറ്റുകളിൽ തുച്ഛമായ വിലയ്ക്ക് റൊക്കം പണത്തിന് കൊടുത്തു കാശാക്കുകയായിരുന്നു കമ്പനി. കംപ്യൂട്ടർ മൊത്ത വിതരണ കടകളിൽ നിന്ന് വാങ്ങിയ ലാപ് ടോപ്പുകൾ അടക്കമുള്ള വില കൂടിയ സാധനങ്ങൾ പലതും യു എ ഇ മാർക്കറ്റുകളിലേക്ക് കടത്തിയിട്ടുണ്ടാവണം എന്നാണ് വ്യാപാരികൾ അനുമാനിക്കുന്നത്.
കടം കൊടുത്തപ്പോൾ കച്ചവടം കൂടി; ‘ചതി’ മണത്തറിഞ്ഞില്ല
പല കമ്പനികളിലെയും സെയിൽസ് വിഭാഗം കൈകാര്യം ചെയ്തവർക്കാണ് ചതിവ് പറ്റിയത്. കൃത്യമായി പണം നൽകി പല തവണ സാധനങ്ങൾ വാങ്ങിയപ്പോൾ വലിയൊരു ചതിവ് ഇതിനു പിന്നിൽ ഒളിച്ചിരിപ്പുണ്ടെന്ന് സെയിൽസ് വിഭാഗത്തിന് മനസ്സിലായില്ല. കാരണം കമ്പനിയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ കൂടുതൽ പർച്ചേയ്‌സ് നടത്തുന്നവർ ' നല്ല ഉപഭോക്താവാ'ണ് . തുടക്കത്തിൽ റൊക്കം കാശ് നൽകി,പിന്നീട് ആഴ്ചകൾക്കുള്ളിൽ,നൽകിയ ചെക്കുകൾ പാസാകുന്നതോടെ അടുത്ത ഓർഡർ കമ്പനി നൽകുന്നു. വീണ്ടും രണ്ടാഴ്ചയ്ക്കുള്ളിൽ നൽകിയ ചെക്കുകൾ പാസാകുന്നു. ഒടുവിൽ ഏറ്റവും വലിയ പർച്ചേയ്‌സ് നടത്തി കമ്പനി മുങ്ങിയതോടെ വെട്ടിലാകുന്നത് ഈ വിഭാഗം കൈകാര്യം ചെയ്തവരാണ്.2015 ലും സമാനമായ രീതിയിലുള്ള സംഭവം ബഹ്‌റൈനിൽ അരങ്ങേറിയിരുന്നുവെങ്കിലും ആ സംഭവം എല്ലാവരും മറന്നുതുടങ്ങിയിരുന്നു.നിലവിലെ സാഹചര്യത്തിൽ 'മികച്ച ഉപഭോക്താവാ' യ കമ്പനികളെ പിണക്കാതെ കൊണ്ടുപോകാൻ എല്ലാവരും മത്സരിച്ചത് തട്ടിപ്പ് നടത്താൻ തുനിഞ്ഞിറങ്ങിയവർക്ക് വലിയ അനുഗ്രഹമാവുകയും ചെയ്തു .
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.