• Home
  • News
  • ഒമാനിൽ മഴ കനക്കുന്നു ജാഗ്രത നിർദ്ദേശം
oman rain alert

ഒമാനിൽ മഴ കനക്കുന്നു ജാഗ്രത നിർദ്ദേശം

മസ്കത്ത്: ഒമാനിൽ അൽ ഹജ്ർ പർവതനിരകളോടു ചേർന്ന മേഖലകളിൽ കനത്ത മഴ. ഇടിമിന്നലോടെ പെയ്ത മഴയിൽ വാദികൾ കവിഞ്ഞൊഴുകി. മലനിരകളിൽ നിന്നുള്ള വെള്ളച്ചാട്ടവും ശക്തമാണ്. തുടർന്നുള്ള ദിവസങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊതുജനങ്ങൾ വാദിയുടെ സമീപത്തേക്കു പോകരുതെന്നു പൊലീസ് മുന്നറിയിപ്പു നൽകി.

അൽ ബതീനയിലെയും ഷർഖിയയിലെയും വടക്കൻ മേഖലകളിലായിരുന്നു മഴ. ഷിനാസ്, റൊസ്താഖ് എന്നിവിടങ്ങളിലെ താഴ്ന്ന മേഖലകൾ വെള്ളത്തിലായി. ദാഖ് ലിയ ഗവർണറേറ്റിലെ നിസ് വ, അൽ ഹംറ വിലായത്തുകളിലും സമീപമേഖലകളിലും ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ മഴ പെയ്തു. മുസണ്ടം ഗവർണറേറ്റിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാണ്.