ഖത്തറിൽ പിഴ ഇളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി, യാത്രവിലക്ക് പ്രാബല്യത്തിൽ
ദോഹ: ഖത്തറിലെ വാഹന ഉടമകൾക്കായി പ്രഖ്യാപിച്ച ഗതാഗത നിയമലംഘന കേസുകളിലെ പിഴയിളവ് മൂന്നു മാസത്തേക്ക് കൂടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. കഴിഞ്ഞ ജൂൺ ഒന്നിന് നിലവിൽവന്ന മൂന്നു മാസത്തെ ട്രാഫിക് പിഴയിളവ് ആഗസ്റ്റ് 31ന് അവസാനിക്കുന്നതിനിടെയാണ്, അടുത്ത മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതുപ്രകാരം സെപ്റ്റംബർ ഒന്ന് മുതൽ നവംബർ 30 വരെ 50 ശതമാനം ഇളവ് തുടരും.
ഖത്തരി പൗരന്മാർ, താമസക്കാർ, സന്ദർശകർ, ജി.സി.സി പൗരന്മാരും, അവിടങ്ങളിലെ മലയാളികൾ ഉൾപ്പെടെ താമസക്കാർ തുടങ്ങി ഖത്തറിൽ ഗതാഗത നിയമലംഘന കേസുകളിൽ പിഴ ചുമത്തപ്പെട്ടവർക്കെല്ലാം ഈ ഇളവുകാലം ഉപയോഗപ്പെടുത്താവുന്നതാണ്. കഴിഞ്ഞ മൂന്ന് വർഷക്കാലയളവിനുള്ളിൽ പിഴ ചുമത്തപ്പെട്ടവർക്കു മാത്രമെ ഈ ഇളവുകാലം ഉപയോഗപ്പെടുത്താൻ കഴിയൂ എന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. മേയ് മാസത്തിലായിരുന്നു വിവിധ ഗതാഗത നിയമലംഘനങ്ങളും, പരിഷ്കാരങ്ങളും സംബന്ധിച്ച് ട്രാഫിക് വിഭാഗം നിർദേശങ്ങൾ നൽകിയത്.
അതേസമയം, ട്രാഫിക് പിഴയുള്ളവർക്ക് പണമടച്ചു തീർക്കാതെ സെപ്റ്റംബർ ഒന്ന് മുതൽ രാജ്യം വിടാൻ കഴിയില്ലെന്ന് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഞായറാഴ്ച മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഖത്തറിൽ വിവിധ ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ പിഴയുള്ളവർക്കാണ് കര, വ്യോമ, കടൽ മാർഗം യാത്രവിലക്കുണ്ടാവുക. ഇവർക്ക് പിഴ അടച്ചു തീർത്താൽ മാത്രമെ ഖത്തറിന് പുറത്തേക്ക് സഞ്ചരിക്കാൻ കഴിയൂ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.