• Home
  • News
  • കൂടത്തായി കേസ്; ജോളിയുടെ കാൾ ലിസ്റ്റിലുള്ളവരെ ചോദ്യം ചെയ്യും
koodathai murder jolly

കൂടത്തായി കേസ്; ജോളിയുടെ കാൾ ലിസ്റ്റിലുള്ളവരെ ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളിയുടെ അടുത്ത സുഹൃത്തുകളെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ജോളിയുടെ ഫോണ്‍ ലിസ്റ്റ് പരിശോധിച്ച പൊലീസ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയില്‍ ഇവരെയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണം തുടങ്ങിയ കാലഘട്ടം മുതല്‍ അറസ്റ്റിലാവുന്നതിന് രണ്ട് ദിവസം മുന്‍പ് വരെ ജോളി നിരന്തരം ഫോണ്‍ കോളുകള്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജോളിയുടെ ഫോണിലേക്ക് കൂടുതല്‍ വിളിച്ചവരെയെല്ലാം പൊലീസ് ചോദ്യം ചെയ്തേക്കും എന്നാണ് സൂചന.

koodathai murder jolly

ജോളി അറസ്റ്റിലാവുന്നതിന് തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ വിളിച്ചത് കൂടത്തായി സ്വദേശിയും ഇപ്പോള്‍ തിരുപ്പൂരില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണെയാണ്. ജോളിയുമായി സൗഹൃദം പുലര്‍ത്തുന്ന സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളേയും. വനിതാ തഹസില്‍ദാരേയും ജോളി പലതവണ വിളിച്ചിട്ടുണ്ട്. ഇവരില്‍ പലരേയും ഇന്നു തന്നെ പൊലീസ് ചോദ്യം ചെയ്യും എന്നാണറിയുന്നത്. നേരത്തെ തന്നെ ഇവരില്‍ നിന്നും മൊഴി എടുത്തിരുന്നുവെങ്കിലും ജോളിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തുന്ന ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്.ഇപ്പോള്‍ കൂടത്തായില്‍ ഉള്ള ബിഎസ്എന്‍എല്‍ ജീവനക്കാരനോട് സ്ഥലത്ത് ഉണ്ടാവണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അടുത്ത കുറച്ചു ദിവസത്തേക്ക് കൂടത്തായില്‍ തന്നെയുണ്ടാകുമെന്നും ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ പറഞ്ഞു. അതേസമയം മരണപ്പെട്ട ഷാജുവിന്‍റെ മുന്‍ഭാര്യ സിലിയുടെ ഒരു ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്തേക്കും.