ഒമാനിൽ തൊഴിൽ നിയമ ലംഘനം; 1217 വിദേശ തൊഴിലാളികൾ പിടിയിൽ
കഴിഞ്ഞ മാസം ആഗസ്റ്റിൽ മസ്കത്തിൽ നിന്നാണ് ഇത്രയുംപേർ പിടിയിലായത്
മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ആഗസ്റ്റിൽ മസ്കത്തിൽ പിടിയിലായത് 1217 വിദേശ തൊഴിലാളികളെന്ന് തൊഴിൽ മന്ത്രാലയം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ, സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് ഇൻസ്പെക്ഷൻ യൂനിറ്റ് എന്നിവയുടെ പിന്തുണയോടെ നടത്തിയ പരിശോധന കാമ്പയിനിലാണ് ഇത്രയും പേർ പിടിയിലായത്.സ്വദേശികൾക്കായി നീക്കിവെച്ച തസ്തികയിൽ ജോലി ചെയ്തിരുന്ന 164 പേർ, താമസ കാലാവധി അവസാനിച്ച 844 പേർ, മറ്റ് തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യുന്ന 158 പേർ, സ്വയം തൊഴിൽ ചെയ്തുവന്ന 51 പേർ എന്നിങ്ങനെയാണ് പിടിയിലായവരെന്ന് അധികൃതർ വ്യക്തമാക്കി. അനധികൃത തൊഴിലാളികളെ കണ്ടെത്താൻ കനത്ത പരിശോധനകളാണ് രാജ്യത്ത് നടക്കുന്നത്. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ പരിശോധനകൾ തുടരും. അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ ജനുവരി ഒന്നുമുതൽ വിവിധ പ്രദേശങ്ങളിൽ കർശനമായാണ് നടക്കുന്നത്. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ് തൊഴിൽ നിയമ ലംഘന പരിശോധന ശക്തമാക്കിയിരിക്കുന്നത്.
പ്രവാസികൾ ഏറെ തിങ്ങിപ്പാർക്കുന്ന മസ്കത്ത്, ദോഫാർ, വടക്കു തെക്ക് ബാത്തിന എന്നീ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പരിശോധന നടത്തുന്നത്. താമസ രേഖകൾ ശരിയല്ലാത്തവരും വിസ, ലേബർ കാർഡ് കാലാവധി കഴിഞ്ഞവരും പിടിയിലാവും. സ്വദേശികൾക്കായി നീക്കിവെച്ചിരിക്കുന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരും വിസ പുതുക്കാത്തവരും വലയിൽ കുടുങ്ങും. നിയമവിരുദ്ധ തൊഴിലാളികളെ തൊഴിൽ വിപണിയിൽനിന്ന് ഒഴിവാക്കാനും തൊഴിൽ വിപണിയെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ആരോഗ്യകരമായ നിക്ഷേപ അന്തരീക്ഷവും ഒരുക്കുകയാണ് ലക്ഷ്യം. ഇത് ചെറുകിട ഇടത്തരം സംരഭകർക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. കൂടാതെ, പുതിയ നടപടിക്രമങ്ങൾ മെച്ചപ്പെട്ട അവസരം തേടുന്നവർക്ക് അവരുടെ സാഹചര്യം ശരിയാക്കാനും നിയമപരമായ തൊഴിൽ നിലയുമായി മുന്നോട്ട് പോകാനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.