യുഎഇ പൊതുമാപ്പ്; ജിസിസി രാജ്യങ്ങളിൽ കേസുള്ളവർക്ക് പൊതുമാപ്പിന് അപേക്ഷിക്കാനാവില്ല
യുഎഇ: അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്കും ജിസിസി രാജ്യങ്ങളിൽ നിന്ന് നാടുകടത്തൽ കേസുകളുള്ളവർക്കും പൊതുമാപ്പിന് അപേക്ഷിക്കാനാവില്ല. ഗുരുതരമായ ക്രിമിനൽ കുറ്റവാളികൾക്കും പൊതുമാപ്പിന്റെ പരിധിയിൽ വരാത്ത പരിഹരിക്കപ്പെടാത്ത നിയമ തർക്കങ്ങളുള്ളവർക്കും അർഹതയില്ല. വീസാ കാലാവധി കഴിഞ്ഞ് താമസിച്ചവർക്കും സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർക്കും മാത്രമേ ഇത് ബാധകമാകൂ. രേഖകളില്ലാതെ ജനിക്കുന്ന കുട്ടികൾക്കും അർഹതയുണ്ട്. എന്നാൽ, സെപ്തംബർ ഒന്നിന് ശേഷം സമാനമായ ലംഘനങ്ങളുമായി പിടിക്കപ്പെട്ടവർക്ക് പൊതുമാപ്പിന് അപേക്ഷിക്കാനാകില്ല. പൊതുമാപ്പ് കാലയളവിൽ രാജ്യം വിടുന്നവർക്ക് പ്രവേശന വിലക്ക് ഉണ്ടാകില്ലെന്നും യുഎഇയിലേക്ക് മടങ്ങാമെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇ നിയമം അനുസരിച്ച് വീസ കാലാവധിയിൽ കൂടുതൽ താമസിക്കുന്നതിനുള്ള പിഴ ഒരു ദിവസം വിനോദസഞ്ചാരികൾക്കും താമസക്കാർക്കും 50 ദിർഹം ആണ്. അബുദാബിയിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) കേന്ദ്രങ്ങളായ അൽ ദഫ്ര, സ്വീഹാൻ, അൽ മഖാം, അൽ ഷഹാമ എന്നിവയും അതോറിറ്റി അംഗീകരിച്ച ടൈപ്പിങ് സെന്ററുകളും ഡോക്യുമെന്റുകൾ പ്രോസസ്സ് ചെയ്യും.
ദുബായിൽ ആളുകൾക്ക് എമിറേറ്റിലെങ്ങുമുള്ള 86 ആമർ സേവന കേന്ദ്രങ്ങളെയോ അൽ അവീർ സെറ്റിൽമെന്റ് സെന്ററിനെയോ സമീപിക്കാം. സന്ദർശക വീസയിൽ യുഎഇയിൽ എത്തിയവരോട് വിരലടയാള സ്കാൻ ശേഖരിക്കാൻ ഐസിപി കേന്ദ്രങ്ങളെ സമീപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമാപ്പ് അഞ്ച് ദിവസം പിന്നിടുമ്പോൾ ദുബായിൽ ആയിരങ്ങൾ തങ്ങളുടെ പദവി മാറ്റുന്നതിനോ രാജ്യം വിടുന്നതിനോ അപേക്ഷിച്ചു. ഇതിൽ ഒട്ടേറെ മലയാളികളടക്കം ഇന്ത്യക്കാരുമുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.