• Home
  • News
  • 2022 ഖത്തർ ലോകകപ്പ് കാർബൺ രഹിതം
2022 qatar worldcup

2022 ഖത്തർ ലോകകപ്പ് കാർബൺ രഹിതം

ദോഹ:സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കാർബൺ രഹിത 2022 ഫിഫ ലോകകപ്പ് ലോകത്തിന് സമ്മാനിക്കാൻ തയ്യാറെടുക്കുന്നു. കാർബൺ തോത് കുറയുന്നതിന്റെ അളവ് കണക്കാക്കാനുള്ള മാനദണ്ഡങ്ങൾ വികസിപ്പിക്കാൻ ഗൾഫ് ഓർഗനൈസേഷൻ ഓഫ് റിസർച്ച്-ഡവലപ്‌മെന്റിന്റെ (ഗോർഡ്) ഗ്ലോബൽ കാർബൺ ട്രസ്റ്റുമായി സുപ്രീം കമ്മിറ്റി കരാർ ഒപ്പുവച്ചു.

2022 qatar worldcup

കാർബൺ പ്രസരണം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെയും മേഖലയിലെയും സംഘടനകളുമായി സഹകരിച്ച് നടപ്പാക്കൽ, കാർബൺ ക്രെഡിറ്റ് ഇഷ്യൂ എന്നിവയെല്ലാമാണ് കരാർ പ്രകാരം ട്രസ്റ്റ് നിർവഹിക്കുക. 2022 ഫിഫ ലോകകപ്പ് ലോകത്തിലെ പ്രഥമ കാർബൺ രഹിത ടൂർണമെന്റായിരിക്കുമെന്ന് യുഎൻ ജനറൽ അസംബ്ലിയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രഖ്യാപിച്ചിരുന്നു. അമീറിന്റെ മാർഗനിർദേശ പ്രകാരമാണ് സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനം. ടൂർണമെന്റിന് മുൻപ് കാർബൺ രഹിതമെന്ന ലക്ഷ്യം പൂർത്തിയാക്കും. സുപ്രീം കമ്മിറ്റി ടെക്‌നിക്കൽ ഡെലിവറി ഓഫിസ് ചെയർമാൻ എൻജി.ഹിലാൽ അൽഖുവാരിയും ഗോർഡ് ചെയർമാൻ ഡോ.യൂസഫ് മുഹമ്മദ് അൽഹോറും ഖത്തർ സുസ്ഥിരതാ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച് കരാർ ഒപ്പിട്ടത്. രാജ്യത്തും മേഖലയിലും പരിസ്ഥിതി ബോധവൽക്കരണം ശക്തമാക്കിയുള്ള ടൂർണമെന്റായിരിക്കും നടക്കുക. പരിസ്ഥിതി ബോധവൽകരണം, കണ്ടുപിടിത്തങ്ങൾ, ഒഴിവാക്കാനാകാത്ത പ്രസരണങ്ങൾ ശമിപ്പിക്കൽ എന്നിവയെല്ലാം കാർബൺ രഹിത ലോകകപ്പ് ഉറപ്പാക്കുന്നതിൽ ഉൾപ്പെടുന്നു.