ഒമാൻ വടക്കൻ പ്രദേശങ്ങളിൽ കനത്ത മഴ ജാഗ്രത നിർദ്ദേശം
മസ്ക്കറ്റ്: ഒമാന്റെ വടക്കൻ പ്രദ്ദേശങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യമായതിനാൽ റോയൽ ഒമാൻ പൊലീസ് ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുണ്ട്. ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. തെക്കൻ ഇറാനിൽ രൂപംകൊണ്ട തീവ്രമായ ന്യൂനമർദ്ദത്തിന്റെ ഫലമായാണ് ഒമാന്റെ വടക്കൻ മേഖലകളിൽ ശക്തമായ കാറ്റും മഴയും തുടരുന്നത്.

ബാത്തിന, ബുറൈമി , ദാഹിരാ, ദാഖിലിയ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് കനത്ത മഴ പെയ്യുന്നത്. ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ദൂരക്കാഴ്ചക്ക് തടസ്സം ഉണ്ടായത് നിരത്തുകളിലെ വാഹന ഗതാഗതത്തെയും സാരമായി ബാധിച്ചു. ഞായർ തിങ്കൾ എന്നീ ദിവസങ്ങളിൽ ന്യൂനമർദത്തിന്റെ ആഘാതം കൂടുതൽ ആയി അനുഭവപെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും മഴ പ്രതീക്ഷിക്കുന്നുവെങ്കിലും അൽ ഹാജർ പർവത നിരകൾ, സൊഹാർ സഹം കബൂറ എന്നി പ്രദേശങ്ങളിൽ ആയിരിക്കും കൂടുതൽ മഴ പെയ്യുവാൻ സാധ്യത ഉള്ളത്.മഴ ശക്തമായതിനാൽ പ്രധാന നിരത്തുകളിലേക്കു , തോടുകളും , ജലക്കെട്ടുകളും കരകവിഞ്ഞു ഒഴുകുന്നത് മൂലം റോഡുകളിൽ പൊതുജനങ്ങൾ കർശനമായും ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു. കൂടാതെ കടലിൽ ശക്തമായ തിരമാല രൂപപെടുവാൻ സാധ്യത ഉള്ളതിനാൽ മൽസ്യ ബന്ധനം നിർത്തിവെക്കുവാനും ആവശ്യപെട്ടിട്ടുണ്ട്.