• Home
  • News
  • ഖത്തർ ; 2022 നകം രാജ്യത്തിന്റെ പൊതു ബസുകളിൽ 25 ശതമാനവും ഇലക്ട്രിക് ബസുകൾ
qatar

ഖത്തർ ; 2022 നകം രാജ്യത്തിന്റെ പൊതു ബസുകളിൽ 25 ശതമാനവും ഇലക്ട്രിക് ബസുകൾ

ദോഹ : 2022 നകം രാജ്യത്തിന്റെ പൊതു ബസുകളിൽ 25 ശതമാനവും ഇലക്ട്രിക് ബസുകളായി മാറും. ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിന്റെ ഇലക്ട്രിക് ബസ് പദ്ധതിയുടെ ഭാഗമായാണ് പൊതു ബസുകൾ, സർക്കാർ സ്‌കൂൾ ബസുകൾ, ദോഹ മെട്രോ ഫീഡർ ബസുകൾ എന്നിവ ഇലക്ട്രിക് ബസുകളാക്കി മാറ്റാൻ തയ്യാറെടുക്കുന്നത്.അധികം താമസിയാതെ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി പറഞ്ഞു.

പദ്ധതിയുടെ വികസന നയവും നിയമനിർമാണവുമെല്ലാം അന്തിമ ഘട്ടത്തിലാണ്. കാർബൺ പ്രസരണം കുറച്ചു കൊണ്ട് പരിസ്ഥിതി സൗഹൃദ പരമായ യാത്രാ സൗകര്യങ്ങളാണ് ലക്ഷ്യമിടുന്നത്.ഇലക്ട്രിക് ട്രാൻസിറ്റ് ബസുകൾ ഉപയോഗിക്കുന്ന പ്രഥമ ചാംപ്യൻഷിപ്പായി 2022 ഫിഫ ലോകകപ്പിനെ മാറ്റുകയാണ് മറ്റൊരു ലക്ഷ്യം. ഇതുവരെ നടന്നതിൽ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ, കാർബൺ രഹിത ലോകകപ്പിനാകും 2022 ൽ ഖത്തർ ആതിഥേയത്വം വഹിക്കുക.

2030 നകം മുഴുവൻ ബസുകളും ഇലക്ട്രിക് ബസുകളാക്കി മാറ്റും. ബസുകളിലെ കാർബൺ പ്രസരണം കുറയ്ക്കുകയും പരിസ്ഥിതി സുസ്ഥിരത സംരക്ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിലെ ബസുകൾ ഇലക്ട്രിക് ബസുകളാക്കി പരിവർത്തനം ചെയ്യുന്നതിലൂടെ ഏകീകൃത ഇലക്ട്രിക് പബ്ലിക് ട്രാൻസിറ്റ് സംവിധാനത്തിനുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ സൃഷ്ടിക്കപ്പെടും. ഇലക്ട്രിക് ബസുകൾ ഖത്തറിന്റെ കാലാവസ്ഥക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കാൻ 2018 അവസാന വാരം പരീക്ഷണ ഓട്ടവും നടത്തിയിരുന്ന ക്രമമനുസരിച്ച് രാജ്യത്തുടനീളമായി ഇലക്ട്രിക് ബസുകൾക്കായി പാർക്കിങ്, ചാർജിങ് കേന്ദ്രങ്ങൾ, അറ്റകുറ്റപ്പണി ഉപകരണങ്ങൾ കൂടാതെ ഭരണനിർവഹണ കെട്ടിടങ്ങൾ, ജീവനക്കാർക്കും ഡ്രൈവർമാർക്കുമുള്ള താമസ സൗകര്യങ്ങൾ എന്നിവയെല്ലാം 2021ൽ പൂർത്തിയാകും.

ഇലക്ട്രിക് ബസ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഹരിത ഭാവി എന്ന രാജ്യത്തിന്റെ ലക്ഷ്യം കൈവരിക്കാൻ ഏറെ സഹായകമാകും. സാമ്പത്തിക-പരിസ്ഥിതി തുല്യത കൈവരിക്കാൻ ഖത്തറിന് കഴിയും. ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതി സുസ്ഥിരത, സാമ്പത്തിക വളർച്ചക്ക് പിന്തുണ, എണ്ണ, വാതക മേഖലയിലെ വരുമാനം വർദ്ധിപ്പിച്ച് പ്രകൃതി വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക, കാർബൺ പ്രസരണം കുറയ്ക്കാൻ പരിസ്ഥിതി സൗഹൃദ സംവിധാനങ്ങൾ ഉപയോഗിക്കുക എന്നിവയിലൂടെയെല്ലാം ശുദ്ധവും ആരോഗ്യകരവും സുരക്ഷിതവുമായ പരിസ്ഥിതി ഉറപ്പാക്കാൻ രാജ്യത്തിന് കഴിയും.

Related News

OMAN LATEST NEWS

UAE LATEST NEWS