• Home
  • News
  • ദുബായ് ; തൊഴിലാളികളുടെ പാസ്പോർട്ട് സ്പോൺസർ പിടിച്ചു വയ്ക്കുന്നത് നിയമ വിരുദ്ധം
dubai

ദുബായ് ; തൊഴിലാളികളുടെ പാസ്പോർട്ട് സ്പോൺസർ പിടിച്ചു വയ്ക്കുന്നത് നിയമ വിരുദ്ധം

ദുബായ് : തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചു വയ്ക്കുന്നത് നിയമ വിരുദ്ധമാണെന്ന് അധികൃതർ. സാധാരണ കേസുകളിൽ കോടതികൾ പോലും പാസ്പോർട്ട് പിടിച്ചു വയ്ക്കാറില്ലെന്ന് ദുബായ് ലേബർ കോടതി തലവൻ ജമാൽ അൽ ജാബിരി പറഞ്ഞു. തൊഴിലാളികളുടെ പാസ്പോർട്ട് സ്പോൺസർ പിടിച്ചു വയ്ക്കുന്നതു സംബന്ധിച്ച ചോദ്യത്തിനാണ് ലേബർ കോടതി ന്യായാധിപൻ കൂടിയായ അൽ ജാബിരി ഇക്കാര്യം അറിയിച്ചത്. നേരത്തെ കേസ് നടപടികൾക്കായി കോടതികൾ പാസ്പോർട്ട് തടഞ്ഞുവച്ചിരുന്നെങ്കിലും ഇപ്പോൾ പാസ്പോർട്ട് ഉടമയ്ക്ക് എത്രയുംവേഗം കൈമാറുന്നതിനായി നിയമം പരിഷ്ക്കരിച്ചിട്ടുണ്ട്. കേസ് നടപടിയുടെ ഭാഗമായി ചിലപ്പോൾ വൈകാറുണ്ടെങ്കിലും പൊലീസുമായി സഹകരിച്ച് പാസ്പോർട്ട് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജമാൽ സൂചിപ്പിച്ചു.

തൊഴിൽ നിയമമറിയില്ല എന്ന കാരണത്താൽ ശിക്ഷകളിൽ നിന്ന് ഒഴിവാകുകയില്ല. തൊഴിൽ തർക്ക കേസുകളിൽ ഇരുവിഭാഗവും തങ്ങളുടെ ഭാഗമാണ് ശരിയെന്ന ഭാവേനയാണ് കോടതിയെ സമീപിക്കുക. നിർമാണ മേഖലയിലെ നിരവധി തൊഴിലാളികൾ നിരക്ഷരരാണ്. തൊഴിലെടുക്കുന്ന കംമ്പനിയുടെ കാര്യാലയമോ എമിറേറ്റ് ഏതെന്നു പോലുമോ അറിയാത്ത തൊഴിലാളികളുണ്ട്. ലേബർ ക്യാംപ്, കമ്പനിയുടെ തൊഴിൽ സ്ഥലം ഈ റൂട്ടിൽ മാത്രമാണ് അവരുടെ ദൈനംദിന യാത്ര. നിയമാവബോധമില്ലാത്തത് പലപ്പോഴും അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടാൻ കാരണമാകാറുണ്ട്. ആവശ്യമെങ്കിൽ തൊഴിലാളികൾക്ക് നിയമസഹായത്തിനു കോടതി സൗകര്യം ഒരുക്കും. കോടതി മേധാവി എന്ന നിലയ്ക്ക് ഓഫിസിലെത്തുന്നവർക്ക് വ്യക്തിപരമായും നിയമസഹായ നൽകാറുണ്ട്. കേസുമായി മുന്നോട്ട് പോകാൻ സാംപത്തിക സഹായം നൽകുന്ന അഭിഭാഷക കാര്യാലയങ്ങളുമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

തൊഴിലാളികളും സ്പോൺസറും തമ്മിൽ തൊഴിൽ തർക്കമുണ്ടായാൽ തൊഴിൽ നിയമം ആറാം അനുഛേദപ്രകാരം മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്. ഇപ്പോൾ മന്ത്രാലയത്തിനു കീഴിൽ 'തവാഫഖ് ' സെന്ററുകളുണ്ട്. അപരിഹൃത തൊഴിൽ കേസുകൾ തീർപ്പാക്കാൻ ഇവിടെ സംവിധാനമുണ്ട്. അവിടെ പരിഹരിക്കാനാകാത്ത കേസുകളാണ് ലേബർ കോടതികളിലേക്ക് കൈമാറുന്നത്. കോടതി ഉദ്യോഗസ്ഥനു മുമ്പിൽ കേസ് റജിസ്റ്റർ ചെയ്താൽ ഒറ്റ ദിവസം കൊണ്ട് തന്നെ തീർപ്പാക്കാനാണു ശ്രമിക്കുക. കേസുകളുടെ ബാഹുല്യം കാരണമാണ് ചിലപ്പോൾ വൈകുക.

ദുബായിൽ ലേബർ കേസുകൾ പരിഹരിക്കാനായി അഞ്ച് 'അളീദ്' സെന്ററുകളുണ്ട്. ഇവിടെ രജിസ്റ്റർ ചെയ്ത തിയതി മുതൽ 14 ദിവസത്തിനകം ആദ്യ സിറ്റിങ് ലഭിക്കും. മൂന്ന് കൂടിക്കാഴ്ചയിലധികം കേസുകൾ നീണ്ടുപോകുന്നത് അപൂർവമാണ്. കക്ഷികളിൽ ആരെങ്കിലും രാജ്യത്തിനു പുറത്താകുമ്പോഴാണ് കേസ് കാലവധി നീളുക. 2018ൽ റജിസ്റ്റർ ചെയ്ത ഒരു കേസ് ഇപ്പോഴും കെട്ടിക്കിടക്കുന്ന കാര്യം അദ്ദേഹം എടുത്തുകാട്ടി. ഇതു കോടതിയുടെ നടപടി ദോഷമല്ല. മറ്റു ചില കേസുകളിൽ കക്ഷികൾ അറസ്റ്റിലാകുന്ന സാഹചര്യത്തിലാണിതു സംഭവിക്കുന്നത്.

ഒരു ദിവസം മാത്രം 500 കേസുകൾ പരിഹരിച്ച ചരിത്രം ലേബർ കോടതിക്കുണ്ട്. 2019 ൽ 14000 കേസുകളാണ് പരിഹരിച്ചത്. ഒരു കമ്പനിക്കെതിരെ മാത്രം പത്ത് കേസുകൾ തൊഴിലാളികളിൽ നിന്നും ലഭിച്ചിട്ടുണ്ട്. രാജ്യത്തുള്ള തൊഴിലാളികളെ തൊഴിൽ രഹിതരാക്കി നിർത്തുന്നത് ഗുരുതരമായ പ്രത്യഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് തൊഴിൽ കേസുകൾ അതിവേഗത്തിൽ പരിഹരിക്കുന്നതെന്ന് കോടതി തലവൻ വ്യക്തമാക്കി.തൊഴിലെടുക്കുന്ന കമ്പനി പാപ്പരാവുകയോ സ്പോൺസർ ഒളിച്ചോടുകയോ ചെയ്താൽ തൊഴിലാളികളുടെ അവകാശങ്ങൾ അവരുടെ ബാങ്ക് ഗ്യാരണ്ടി തുക വഴിയാണ് വിതരണം ചെയ്യുക. വീസ അപേക്ഷ സമയത്ത് ഓരോ തൊഴിലാളിയുടെയും പേരിൽ 3000 ദിർഹം സുരക്ഷാ തുക സ്വീകരിക്കുന്നതു ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിനു കൂടിയാണ്. തൊഴിലാളിക്ക് സ്വദേശത്തേക്ക് തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റിനെങ്കിലും ഈ തുക ഉപകരിക്കുമെന്ന് അൽ ജാബിരി അഭിപ്രായപ്പെട്ടു.

Recent Updates

OMAN LATEST NEWS

Business