• Home
  • News
  • ഒമാനിൽ സർക്കാർ മേഖലയിലെ വിദേശ കൺസൾട്ടൻറുമാരുടെ കരാർ പുതുക്കി നൽകരുത്​ ദിവാൻ ഒാഫ്

ഒമാനിൽ സർക്കാർ മേഖലയിലെ വിദേശ കൺസൾട്ടൻറുമാരുടെ കരാർ പുതുക്കി നൽകരുത്​ ദിവാൻ ഒാഫ്​ റോയൽ കോർട്ട്​ അറിയിച്ചു

മസ്​കത്ത്​: ഒമാനിൽ സർക്കാർ വകുപ്പുകളിലും സ്​ഥാപനങ്ങളിലും എക്​സ്​പെർട്ട്​, കൺസൾട്ടൻറ്​ തസ്​തികകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ തൊഴിൽ കരാർ പുതുക്കരുതെന്ന്​ ദിവാൻ ഒാഫ്​ റോയൽ കോർട്ട്​ അറിയിച്ചു. ഇൗ തസ്​തികകളിൽ ജോലി ചെയ്യുന്ന 70 ശതമാനത്തിലധികം വിദേശികളെയും നിലവിലെ കരാർ കാലാവധി കഴിയുന്ന മുറക്ക്​ പിരിച്ചുവിടണമെന്ന്​ കാട്ടി​ ദിവാൻ ഒാഫ്​ റോയൽ കോർട്ട്​ സർക്കുലർ പുറപ്പെടുവിച്ചു.

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖി​​െൻറ ഉത്തരവി​​െൻറ അടിസ്​ഥാനത്തിലാണ്​ ദിവാൻ ഒാഫ്​ റോയൽ കോർട്ട്​ സർക്കുലർ പുറപ്പെടുവിച്ചത്​. കൺസൾട്ടൻറ്​, എക്​സ്​പർട്ട്​, സ്​പെഷ്യലൈസ്​ഡ്​ മാനേജർ തസ്​തികകളിൽ 25 വർഷമോ അതിൽ കൂടുതലോ സേവനം പൂർത്തിയാക്കിയ ഒമാനി ജീവനക്കാർക്ക്​ റിട്ടയർമ​െൻറ്​ നോട്ടീസ്​ നൽകാനും സർക്കുലർ സർക്കാർ വിഭാഗങ്ങൾക്ക്​ നിർദേശം നൽകി. കുറഞ്ഞത്​ എഴുപത്​ ശതമാനം സ്വദേശി ജീവനക്കാർക്കെങ്കിലും ഇത്​ ബാധകമാക്കണം. സീനിയോരിറ്റിയുടെ അടിസ്​ഥാനത്തിലാണ്​ ഇത്​ ചെയ്യുന്നതെന്ന്​ ഉറപ്പുവരുത്തണം. ഇൗ വർഷം ഡിസംബർ 31ന്​ മുമ്പ്​ റിട്ടയർമ​െൻറ്​ നോട്ടീസ് നൽകുകയും വേണം. സർക്കാർ സർവീസിൽ 30 വർഷം പൂർത്തിയാക്കിയ സ്വദേശി ജീവനക്കാർക്കും സീനിയോരിറ്റിയുടെ അടിസ്​ഥാനത്തിൽ റിട്ടയർമ​െൻറ്​ നോട്ടീസ്​ നൽകണമെന്ന്​ ദിവാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. കുറഞ്ഞത്​ 70 ശതമാനം പേർക്ക്​ ഡിസംബർ 31ന്​ മുമ്പ്​ നോട്ടീസ്​ നൽകണമെന്ന്​ സർക്കുലറിൽ നിർദേശിക്കുന്നു. ഉത്തരവ്​ നടപ്പാക്കപ്പെടുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്താൻ സ്​റ്റേറ്റ്​ ആഡിറ്റ്​ ഇൻസ്​റ്റിറ്റ്യൂഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്​.

അധികാരമേറ്റെടുത്ത ശേഷം ഫെബ്രുവരിയിൽ രാജ്യത്തെ അഭിസംബോധന ചെയ്​ത്​ നടത്തിയ പ്രസംഗത്തിൽ രാജ്യത്തി​​െൻറ ഭരണസംവിധാനം നവീകരിക്കുന്നതിന്​ ഒപ്പം സർക്കാർ-സ്വകാര്യ മേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനാണ്​ താൻ പ്രഥമ പരിഗണന നൽകുകയെന്ന്​ സുൽത്താൻ ഹൈതം ബിൻ താരീഖ്​ അറിയിച്ചിരുന്നു. ഇതിനായി സർക്കാർ മേഖലയിൽ പുതിയ തൊഴിൽ സംവിധാനങ്ങളും നയങ്ങളും സ്വീകരിക്കുന്നതിന്​ ഒപ്പം നിലവിലുള്ളവ നവീകരിക്കുകയും ചെയ്യും. വലിയ അളവിലുള്ള തൊഴിൽ അന്വേഷകർക്ക്​ തൊഴിൽ മാർക്കറ്റിൽ പ്രവേശനം ഉറപ്പാക്കുന്നതിന്​ ഒപ്പം അവരുടെ തൊഴിൽ ഭദ്രത കൂടി ഉറപ്പുവരുത്തുന്ന രീതിയിലാകും നവീകരണ പ്രവർത്തനങ്ങൾ നടത്തുകയെന്നും സുൽത്താൻ പ്രസംഗത്തിൽ ചൂണ്ടികാട്ടിയിരുന്നു. ഏതാണ്ട്​ അമ്പതിനായിരത്തിലധികം വിദേശികളാണ്​ ഒമാനിൽ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നതെന്നാണ്​ ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്​.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS