• Home
  • News
  • ഖത്തറില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഖത്തറില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ ഏഴു മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പുതുക്കിയ പ്രവൃത്തി സമയം. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം സര്‍ക്കുലറില്‍ അറിയിച്ചു.

കൊവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനായി രാജ്യം സ്വീകരിച്ച പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ചട്ടക്കൂടിനുള്ളിലാണ് പുതിയ നടപടികള്‍.

ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പലചരക്ക് സാധനങ്ങള്‍- പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന കടകള്‍, പെട്രോള്‍ പമ്പുകള്‍, കാര്‍ സേവനങ്ങള്‍, വൈദ്യുതി, പ്ലംബിംഗ്, ഇലക്ട്രോണിക്‌സ് സേവനങ്ങള്‍, ലോജിസ്റ്റിക് സേവനങ്ങള്‍ എന്നിവ നല്‍കുന്ന സ്ഥാപനങ്ങള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ചരക്ക് സ്ഥാപനങ്ങള്‍, കസ്റ്റംസ് സേവനങ്ങള്‍, ഏജന്‍സികള്‍, ഫാര്‍മസികള്‍, ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ഫാക്ടറികള്‍, ബേക്കറികള്‍ തുടങ്ങിയവയെ എല്ലാം പുതിയ സമയക്രമത്തില്‍ നിന്നും ഒഴിവക്കിയിട്ടുണ്ട്.

അതേസമയം, വെള്ളി, ശനി ദിവസങ്ങളില്‍ സ്റ്റോറുകളിലെയും ഓഫീസുകളിലെയും എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അവധി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഔട്ട്ലെറ്റുകളും ഫാര്‍മസികളും ഒഴികെ മറ്റ് റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ അടച്ചു പൂട്ടുന്നത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഭരണ, വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച തീരുമാനങ്ങള്‍ എല്ലാ കമ്പനികളും റീട്ടെയില്‍ ഔട്ട്ലെറ്റുകളും പാലിക്കണം. നടപടികളില്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS