• Home
  • Editor's Pick
  • ഇടുക്കി അണക്കെട്ട്; നിലയ്ക്കാതെ മഴയും നീരൊഴുക്കും...

ഇടുക്കി അണക്കെട്ട്; നിലയ്ക്കാതെ മഴയും നീരൊഴുക്കും

ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പത്തു ദിവസത്തിനുള്ളില്‍ അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലെത്തുമെന്ന് വിലയിരുത്തല്‍. നിലവില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാല്‍ ചൊവ്വാഴ്ച ജലനിരപ്പ് രണ്ട് അടിയാണ് ഉയര്‍ന്നത്. ബുധനാഴ്ച ഡാമിലെ ജലനിരപ്പ് 2388.36 അടിയായി. 15 അടി വെള്ളം കൂടി ഉയര്‍ന്നാല്‍ ഡാം തുറന്നുവിടേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വൈദ്യുതി വകുപ്പ് ഡാം സുരക്ഷാവിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം വാഴത്തോപ്പില്‍ അവലോകനയോഗം ചേര്‍ന്നിരുന്നു. വൈദ്യുതി വകുപ്പ് ചെയര്‍മാന്‍, ചീഫ് എന്‍ജിനീയര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.

ഡാം തുറക്കുന്നതിന് ഷട്ടറുകള്‍ പ്രവര്‍ത്തനസജ്ജമാണെന്ന് പരിശോധന നടത്തി നേരത്തെ ഉറപ്പാക്കിയിരുന്നു. ജലനിരപ്പ് 2395-ല്‍ എത്തിയാല്‍ ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് കണ്‍ട്രോള്‍ റൂം തുറക്കും. ഉദ്യോഗസ്ഥര്‍ ഡാമില്‍ ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ്.ബാലു പറഞ്ഞു. 

ബുധനാഴ്ച ഡാമിലെ ജലനിരപ്പ് 2388.36 അടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ജലനിരപ്പ് 2319.22 അടിയായിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ച 94 മില്ലിമീറ്റര്‍ മഴ പെയ്തു. മൂലമറ്റം പവര്‍ഹൗസില്‍ ചൊവ്വാഴ്ച 13.246 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. ഡാമില്‍ നിലവില്‍ 83.22 ശതമാനം വെള്ളം സംഭരിച്ചിട്ടുണ്ട്.