• Home
  • Editor's Pick
  • രോഗികളുടെ കിടക്കയ്ക്ക് താഴെ നീന്തി തുടിച്ച് മീനുകൾ;ഡോക്ടർമാർ...

രോഗികളുടെ കിടക്കയ്ക്ക് താഴെ നീന്തി തുടിച്ച് മീനുകൾ;ഡോക്ടർമാർ ഐസിയുവിലേക്ക് എത്തുന്നത് ചെളിവെള്ളത്തിലൂടെ നടന്ന്

പട്‌ന: സർക്കാർ ആശുപത്രി എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ തെളിഞ്ഞ് വരുന്ന ഒരു ചിത്രമുണ്ട്. മഴ കനത്തതോടെ ബിഹാറിന്റെ തലസ്ഥാനമായ പട്‌നയിലെ ആശുപത്രികളുടെ അവസ്ഥ പതിവ് കാഴ്ചകളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ അതുക്കും മേലെ ആണ്.കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണമായി ബിഹാറിലെ സർക്കാർ ആശുപത്രിയിലെ കാഴ്ച. സംസ്ഥാനത്ത് തിമിർത്ത് പെയ്യുന്ന മഴയിൽ ആശുപത്രിയിലാകെ വെള്ളം കയറിയിരിക്കുകയാണ്. ഡോക്ടർമാരും രോഗികളുമെല്ലാം വെള്ളത്തിൽ. വൃത്തിഹീനമായ വെള്ളം നിറഞ്ഞിരിക്കുകയാണ് വാർഡിലും ഇടനാഴികളിലുമെല്ലാം.

ഐസിയുവിലെ വെള്ളത്തിൽ മീനുകൾ നീന്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട് കൂട്ടിന് നല്ല ഒന്നാന്തരം പഴുതാരകളും തേളും പാമ്പുകളും വരെ ഉണ്ട്. ബിഹാർ തലസ്ഥാനമായ പട്നയിലെ നളന്ദ മെഡിക്കൽ കോളേജിലെ അവസ്ഥയാണിത്. ബിഹാറിലെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രിയാണിത്. 100 ഏക്കറിൽ പരന്ന് കിടകുന്ന ആശുപത്രിയിൽ 750 ബെഡുകളുണ്ട്. അതേ സമയം സംസ്ഥാനത്തെ ആരോഗ്യ മന്ത്രിക്ക് ഇതൊന്നും ബാകമല്ലെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഷിംല സന്ദർശനത്തിന്റെ ഭാഗമായ മുന്നൊരുക്കങ്ങൾ നടത്തുന്ന തിരക്കിലാണ് ബിഹാർ ആരോഗ്യമന്ത്രിയായ മംഗൾ പാണ്ഡെ.

കനത്ത മഴ പട്നയിലെ ജനജീവിതത്തെ ആകെ താറുമാറാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയുടെ വീട്ടിലും വെള്ളംകയറിയിട്ടുണ്ട്. മുസാഫർപുറിലെ അഭയ കേന്ദ്രത്തിൽ കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സർക്കാരിനെ പ്രതിഷേധം നടത്തുന്ന ബിഹാറിലെ പ്രതിപക്ഷ കക്ഷികൾ ഇപ്പോൾ ആശുപത്രികളിലെ ദുരവസ്ഥയും ഉയർത്തി പ്രക്ഷോഭത്തിനിറങ്ങിയിരിക്കുകയാണ്.തീവ്രപരിചരണവിഭാഗത്തിൽ വരെ ചെളിവെള്ളം കയറി. വെള്ളത്തിലൂടെ നടന്നാണ് ഡോക്ടർമാരും മറ്റും ഐസിയുവിൽ രോഗികളെ പരിചരിക്കുന്നത്.